
കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണി ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്‍റെ പാതയില്‍. വിവാഹ ദിവസം അപകടത്തില്‍ പെട്ട് ചികിതത്സയിലായിരുന്ന ആവണിയുടെ വിവാഹം ആശുപത്രിയില്‍ വെച്ചായിരുന്നു നടന്നത്. സാരമായി പരിക്കേറ്റ നിലയില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കാൻ പറ്റിയ അവസ്ഥയിലെത്തിയെന്ന് ആവണി പറയുന്നു. വൈകാതെ തന്നെ നടന്നു തുടങ്ങാം എന്നാണ് കരുതുന്നതെന്നും ഡ്രീം ഡേയ്ക്ക് വേണ്ടി മേക്കപ്പ് ചെയ്യാൻ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഇപ്പോൾ ഇങ്ങനെ കിടക്കുകയാണ്, എല്ലാവരുടേയും പ്രാർത്ഥനകൊണ്ട് വലിയ പുരോഗതിയുണ്ട്. കഴിഞ്ഞ ദിവസമാണ് ഐസിയുവിൽ നിന്ന് റൂമിലേക്ക് ഷിഫ്റ്റ് ആയത്. ഫിസിയോ തെറാപ്പി ആരംഭിച്ചിട്ടുണ്ട്. നടക്കും എന്ന് ഒരുറപ്പും ഉണ്ടായിരുന്നില്ല, എന്നാല്‍ ഒരു മൂന്ന് മാസത്തിനുള്ളില്‍ നടക്കാൻ സാധിക്കും എന്ന് എനിക്ക് ഇപ്പോൾ വിശ്വാസമുണ്ട് എന്നും ആവണി പറഞ്ഞു. കൂടാതെ ആവണിക്ക് കൊടുക്കേണ്ട പിന്തുണ കൊടുക്കണം എന്നായിരുന്നു തന്‍റെ ആഗ്രഹം എന്നും ജീവിതകാലം മുഴുവൻ ഞാൻ ആവണിയുടെ കൂടെയുണ്ടെന്നും ഭര്‍ത്താവ് ഷാരോണ്‍ പറഞ്ഞു.
ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയ ആവണി ആലപ്പുഴ കൊമ്മാടി സ്വദേശിയാണ്. ആലപ്പുഴ തുമ്പോളി സ്വദേശിയും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണാണ് ഭര്‍ത്താവ്. തുമ്പോളിയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ പുലര്‍ച്ചെ മൂന്ന് മണിയോടെ മേയ്ക്കപ്പിനായി വധു ആവണിയുമായി കുമരകത്തേക്ക് പോയ കാർ വഴിമധ്യേ മരത്തിൽ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു
നാട്ടുകാരും പൊലീസും ചേർന്ന് മൂവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് എത്തിച്ചത്. നട്ടെല്ലിന് സാരമായി പരിക്കേറ്റതിനാൽ ആവണിയെ വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ആശുപത്രിയിലെത്തിയിരുന്നു. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതർ അംഗീകരിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ അത്യാഹിത വിഭാഗത്തില്‍ തന്നെ വരന് താലികെട്ടാനുള്ള സൗകര്യമൊരുക്കി. രോഗിക്ക് ഒരുബുദ്ധിമുട്ടുമുണ്ടാകാത്ത വിധത്തില്‍ അത്യാഹിത വിഭാഗത്തിലാണ് വിവാഹം നടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam