
തിരുവനന്തപുരം: കേശവദാസപുരം മനോരമ വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി കോടതി മുറിയിൽ നിന്ന് ഇറങ്ങിയോടി. ബംഗാൾ സ്വദേശി ആദം അലിയാണ് പ്രതി. തൊട്ടടുത്ത വീട്ടിൽ വീട്ടുജോലിക്കു വന്ന ആദം അലി വൃദ്ധയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലിട്ടെന്നാണ് കേസ്. കോടതിയിൽ നിന്നും ഓടിയ പ്രതിയെ അഭിഭാഷകരും പൊലീസും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ശിക്ഷാ വിധി സംബന്ധിച്ച വാദം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കാനിരിക്കെയാണ് പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്.
2022ൽ പിടികൂടുമ്പോഴും പ്രതി ഇതുപോലെ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. അന്ന് 21 വയസ്സ് മാത്രമാണ് പ്രതിക്ക് ഉണ്ടായിരുന്നത്. മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ആദം അലി ഒറ്റയ്ക്കാണ് മൃതദേഹം മനോരമയുടെ വീട്ടിൽ നിന്ന് തൊട്ടടുത്ത പുരയിടത്തിലേക്ക് കൊണ്ടുപോയതും ഇവിടുത്തെ കിണറിലേക്ക് തള്ളിയിട്ടതും. മനോരമയെ വധിച്ച ശേഷം മൃതദേഹം ചുമന്ന് കൊണ്ടുവന്ന ആദം അലി, ആദ്യം അടുത്ത പുരയിടത്തിലേക്ക് ഇട്ടു. ഇവിടെ നിന്ന് കിണറ്റിൻകര വരെ മൃതദേഹം വലിച്ചുകൊണ്ടുപോയ ശേഷം, കാലിൽ കല്ല് ചേർത്ത് വെച്ച് കെട്ടിയാണ് മൃതദേഹം കിണറ്റിലേക്ക് ഇട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പ്രതി പിടിയിലായത്.
അടുത്ത വീട്ടിൽ പണിക്കെത്തിയിരുന്ന ആദം അലി വെള്ളം കുടിക്കാനായി സ്ഥിരമായി പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. എന്നും കണ്ട് പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടെന്ന് മനോരമയുടെ വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. മനോരമയുടെ ആഭരണങ്ങൾ കാണാനില്ലായിരുന്നു. ഇതോടെ മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തി. ശേഷം ട്രെയിൻ മാർഗം കേരളം വിട്ട പ്രതിയെ റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടിയത് ചെന്നൈ ആര്‍പിഎഫാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam