
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ നാലു പേർ മരിച്ചു. മലപ്പുറത്ത് തിരൂരങ്ങാടിയില്‍ കാറിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേരും പാലായിൽ രണ്ട് അപകടങ്ങളിലായി രണ്ട് പേരുമാണ് മരിച്ചത്.
തിരൂരങ്ങാടിക്ക് അടുത്ത് ദേശീയപാത വെളിമുക്കിലുണ്ടായ വാഹനാപകടത്തിലാണ് മലപ്പുറത്ത് രണ്ട് പേർ മരിച്ചത്. വേങ്ങര വലിയോറ ഇരുകുളം അബ്ദുള്ള കോയ, ബാലുശ്ശേരി സ്വദേശി ഫായിസ് അമീൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാറിനെ ഓവർടേക്ക് ചെയ്ത പിക്കപ്പ് വാൻ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
മലപ്പുറം കൊണ്ടോട്ടിയിൽ ലോറിയിടിച്ച് സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ്, 15 യാത്രക്കാർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. കോടങ്ങാട് ചിറ റോഡിൽ കോറിപ്പുറം കയറ്റത്തിലായിരുന്നു അപകടം. ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയും ബസും റോഡിന്റെ വശത്തേക്ക് മറിഞ്ഞു. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പാലായിൽ ചെത്തിമറ്റത്തിന് സമീപം ബസ്സിനടിയിൽപ്പെട്ട യുവാവ് മരിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ വന്ന 21 കാരനായ യുവാവാണ് ദാരുണമായി മരിച്ചത്. മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് ബസിലിടിച്ചാണ് അപകടമുണ്ടായത്. ബസിനടിയിൽപ്പെട്ട യുവാവിന്‍റെ തല തകർന്ന നിലയിലായിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ജർമൻ ഭാഷ പഠിക്കാൻ കണ്ണൂരിൽ നിന്ന് എത്തിയതായിരുന്നു മരിച്ച യുവാവ്. തൊട്ടുപിന്നാലെ പാലായിൽ നടന്ന മറ്റൊരിു അപകടത്തിൽ ഓട്ടോ യാത്രക്കാരന് ജീവൻ നഷ്ടമായി. പാലാ പുലിയന്നൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഓട്ടോ യാത്രികനായ കെ ജെ ജോസഫാണ് മരിച്ചത്.
കൊല്ലം ആര്യങ്കാവിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു അഞ്ചു പേർക്ക് ഗുരുതര പരിക്കേറ്റു. പുനലൂരിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ കാറും തെങ്കാശിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പുരുഷന്മാരും ഒരു പെൺകുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. കാറിന്റെ അമിതവേഗമാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam