പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസുകാർ അങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്നും പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ പറ്റില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോൺഗ്രസുകാർ അങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ പറ്റില്ല. കാരണം ഞാൻ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. എന്നോട് മത്സരിക്കാൻ പറഞ്ഞത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും വേണ്ടെന്ന് പറഞ്ഞാൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിൽ സജീവമാവുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാഹുലിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുന്നതിനാണ് ഇന്ന് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്.

അതേസമയം, ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ ഉൾപ്പടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ ഉണ്ടെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരി ആരോപിക്കുന്നു. യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആദ്യ ബലാത്സംഗ കേസിലായിരുന്നു മുൻ‌കൂർ ജാമ്യം. ഈ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. മുൻ‌കൂർ ജാമ്യം അനുവദിച്ചത് നിയമ വിരുദ്ധം ആണെന്ന് ഹർജിയിൽ വാദിക്കുന്നു.

രാഹുൽ മുൻ‌കൂർ ജാമ്യത്തിൽ കഴിയുന്നത് തൻറെ ജീവന് ഭീഷണി ആണെന്നും പരാതിക്കാരി പറയുന്നു. ഹൈക്കോടതി രാഹുലിൻറെ ഹർജിയിൽ മിനി വിചാരണ നടത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പരാതിക്കാരിക്കെതിരായ പരാമർശങ്ങൾ അനുചിതവും നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കേസിലെ ആദ്യ പരാതിക്കാരിക്കായി അഭിഭാഷകൻ കെആർ സുഭാഷ് ചന്ദ്രൻ ആണ് ഹർജി സമർപ്പിച്ചത്. 

YouTube video player