കണ്ണൂരില്‍ നിന്നും രക്ഷപ്പെട്ട റിമാന്‍ഡ് പ്രതിയെ കോഴിക്കോട് നിന്നും പിടികൂടി

By Web TeamFirst Published Mar 4, 2020, 8:53 PM IST
Highlights

നാദാപുരത്ത് നിന്നും വിലങ്ങാട് ഭാഗത്തേക്ക് ബസ് കയറിയ രാജനെ കല്ലാച്ചിയിൽ വച്ച് ബസിൽ നിന്നാണ് പിടികൂടിയത്.
 

കോഴിക്കോട്: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പൊലീസിന്‍റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി നാദാപുരത്ത് പിടിയില്‍. ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോഴിക്കോട് വളയം സ്വദേശി രാജനാണ് പൊലീസിന്‍റെ പിടിയിലായത്.  നാദാപുരത്ത് നിന്നും വിലങ്ങാട് ഭാഗത്തേക്ക് ബസ് കയറിയ രാജനെ കല്ലാച്ചിയിൽ വച്ച് ബസിൽ നിന്നാണ് പിടികൂടിയത്.

കൊലപാതക ശ്രമത്തിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന രാജനെ ഇന്ന് രാവിലെയാണ് പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. ഇവിടെ വച്ചു ഒപ്പമുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു. 

രാവിലെ പത്തുമണിയോടെയാണ് രാജനടക്കം ഏഴ് തടവുകാരെ പരിശോധനയ്ക്കായി കണ്ണൂ‍ർ സെൻട്രൽ ജയിലിൽ നിന്നും ജില്ലാ  ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എഴ് പൊലീസുകാർ ഒപ്പമുണ്ടായിരുന്നു. മനോജിന് ടിബി ആണെന്ന് ജയിലിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മനോജ് ആവശ്യപ്പെട്ട പ്രകാരം തുടർ പരിശോധനയ്ക്കാണ് ജില്ലാ ആശുപത്രിയിലേക്ക് വന്നത്. 

പരിശോധന കഴിഞ്ഞ് മടങ്ങാൻ തുടങ്ങവേ എക്സറേ ഫലം ഡോക്ടറുടെ ക്യാബിനിൽ നിന്നും എടുക്കാൻ മറന്നെന്ന് കൂടെയുള്ള പൊലീസുകരനോട് രാജന്‍ പറഞ്ഞു. എക്സ്റേ ഫലം എടുത്തു വരാമെന്ന് പറഞ്ഞ് അകത്തേക്ക് കയറിയ രാജന്‍ പൊലീസുകാരന്റെ കണ്ണുവെട്ടിച്ച് പിൻവാതിലിലൂടെ കടന്നുകളയുകയായിരുന്നു. ഇയാളെ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് കണ്ടതായി ചിലർ പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. 

റിമാൻഡ് പ്രതിയായതിനാൽ ജയിൽ വസ്ത്രത്തിലായിരുന്നില്ല ആശുപത്രിയിൽ കൊണ്ടുവന്നത്. കയ്യാമം വയ്ക്കാത്തതും മതിയായ സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാത്തതും രാജന് കാര്യങ്ങൾ എളുപ്പമാക്കി. റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടതില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് 
കണ്ണൂര്‍ ജയിൽ സൂപ്രണ്ട് അറിയിച്ചു. നഗരത്തിലെ സിസിടിവികൾ കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുകയാണ്. കോഴിക്കോട് വളയം സ്വദേശിയായ രാജന്‍ കഴിഞ്ഞമാസം 19-നാണ് ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഇവര്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
 

click me!