
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന പരമോന്നത സംഗീത പുരസ്കാരമായ സ്വാതി പുരസ്കാരം (2017) പ്രശസ്ത വയലിനിസ്റ്റ് ഡോ. എല്‍. സുബ്രഹ്മണ്യം അർഹനായി. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ പി എ സി ലളിത, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സംഗീതജ്ഞരായ മുഖത്തല ശിവജി, ശ്രീവത്സന്‍ ജെ മേനോന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്.
കര്‍ണാടക സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും ഡോ. എല്‍ സുബ്രഹ്മണ്യം മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ സംഗീതധാരകളുടെ സമന്വയത്തിലൂടെ ഫ്യൂഷന്‍ സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ കലാകാരനാണ്. 1947 ജൂലൈ 23 ന് ജനിച്ച അദ്ദേഹം, കുട്ടിക്കാലത്തു തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ആറാം വയസ്സില്‍ അരങ്ങേറ്റം നടത്തി. പ്രശസ്ത വയലിനിസ്റ്റ് പ്രൊഫ. വി ലക്ഷ്മിനാരായണൻ അച്ഛനാണ്. സഹോദരന്മാരായ എല്‍ ശങ്കര്‍, പരേതനായ എല്‍ വൈദ്യനാഥന്‍ എന്നിവരും ഡോ. എല്‍ സുബ്രഹ്മണ്യവും ചേര്‍ന്ന് നടത്തിയ വയലിന്‍ ത്രയം സംഗീത ആസ്വാദകരുടെ വലിയ അംഗീകാരം നേടിയിട്ടുണ്ട്.
ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മങ്കുടി ശ്രീനിവാസ അയ്യര്‍, എം ഡി രാമനാഥന്‍, കെ വി നാരായണസ്വാമി തുടങ്ങി നിരവധി ഗായകരുടെ കച്ചേരികള്‍ക്ക് വയലിന്‍ വായിച്ചിട്ടുണ്ട്. ലോക പ്രശസ്ത വയലിന്‍ മാന്ത്രികന്‍ യഹൂദി മെനൂഹിന്‍, സംഗീതജ്ഞരായ സ്റ്റീഫന്‍ ഗ്രപ്പെലി, ജോര്‍ജ് ഹാരിസണ്‍ തുടങ്ങിയവര്‍ക്കൊപ്പം സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പാശ്ചാത്യ സംഗീത ഓര്‍ക്കസ്ട്രകള്‍ക്കൊപ്പം തന്‍റെ സംഗീതം അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കര്‍ണാടക സംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും ഫ്യൂഷന്‍ സംഗീതത്തിലും നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും സംഗീതം നല്‍കി. വിഖ്യാത ഗായികയായ കവിത കൃഷ്ണമൂര്‍ത്തിയാണ് ഭാര്യ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam