ഷൊർണ്ണൂരിൽ വനിതാ ഡോക്ടറെ പട്ടാപ്പകൽ കടന്നുപിടിച്ച പ്രതി പിടിയിൽ

By Web TeamFirst Published Apr 8, 2019, 9:39 PM IST
Highlights

ശനിയാഴ്ച ഉച്ചയ്ക്ക് താൻ ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ വനിതാ ഡോക്ട‍ർക്കാണ് ദുരനുഭവം ഉണ്ടായത്

ഷൊർണ്ണൂർ: പട്ടാപ്പകൽ വനിതാ ഡോക്ടറെ കയറിപ്പിടിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് ഷൊ‍‍ർണ്ണൂരിൽ ഹോട്ടലിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി ഷിഫാൻ (22) ആണ് പിടിയിലായത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഷൊർണ്ണൂ‍ർ സിഐ സിബി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് താൻ ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ വനിതാ ഡോക്ട‍ർക്കാണ് ദുരനുഭവം ഉണ്ടായത്. ഭക്ഷണം കഴിച്ച് കൈകഴുകുന്നതിനിടെ പുറകിൽ നിന്നും ഒരാൾ കടന്നുപിടിക്കുകയായിരുന്നു.

പ്രതിയോട് ഹോട്ടലിൽ വച്ച് തന്നെ വനിതാ ഡോക്ട‍ർ കയ‍ർത്ത് സംസാരിച്ചുവെങ്കിലും ഹോട്ടലിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ള ആരും പ്രതികരിച്ചില്ല. ഹോട്ടൽ ജീവനക്കാരിയായ സ്ത്രീ, പ്രശ്നമാക്കരുതെന്ന് ആവശ്യപ്പെട്ടതായി ഡോക്ട‍ർ ആരോപിച്ചിരുന്നു. 

പ്രതിക്കൊപ്പം മധ്യവയസ്കനായ മറ്റൊരാളും ഉണ്ടായിരുന്നു. എന്നാൽ ഡോക്ട‍ർ നോക്കിനിൽക്കെ തന്നെ ഇവർ ഇരുവരും ഹോട്ടലിൽ നിന്ന് പോയി. ആരും ഇവരെ തടഞ്ഞതുമില്ല. ഇതേ തുട‍ർന്ന് ഡോക്ട‍ർ ഷൊ‍ർണ്ണൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. 

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഷൊ‍ർണ്ണൂർ പൊലീസ് ഇന്ന് ഉച്ചയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം ഷിഫാൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് ഇദ്ദേഹത്തിന്റെ പിതാവ് പറഞ്ഞതായി സിഐ സിബി പറഞ്ഞു. എന്നാൽ ഇത് വിശ്വാസത്തിലെടുക്കാൻ പൊലീസിന് സാധിക്കില്ലെന്നും ഇക്കാര്യങ്ങൾ കോടതിയിൽ തെളിയിക്കേണ്ടതാണെന്നും സിബി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

click me!