'ശബരിമലയിൽ കയറിയ ആദ്യ സ്ത്രീകൾ ആര്' എന്ന വിവാദചോദ്യം പിഎസ്‍സി പിൻവലിച്ചു

By Web TeamFirst Published Apr 8, 2019, 6:36 PM IST
Highlights

സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല ദർശനം നടത്തിയ ആദ്യ യുവതികൾ ആരാണെന്ന ചോദ്യമാണ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പിഎസ്‍സി പിൻവലിക്കുന്നത്. 

തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധിക്ക് ശേഷം സന്ദർശനം നടത്തിയ ആദ്യ യുവതികൾ ആരെന്ന ചോദ്യം പിഎസ്‍സി ചോദ്യപ്പേപ്പറിൽ നിന്ന് പിൻവലിച്ചു. പന്തളം കൊട്ടാരമടക്കം ചോദ്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് ചോദ്യം പിൻവലിച്ചത്. ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിലേക്ക് മാർച്ച് മൂന്നിന് നടന്ന പിഎസ്‍സി പരീക്ഷയിലായിരുന്നു ശബരിമലയെക്കുറിച്ചുള്ള ചോദ്യമുണ്ടായിരുന്നത്. ഉത്തരമായി സൂചിപ്പിച്ചിരിക്കുന്നത് ബിന്ദു തങ്കം കല്യാണിയെയും കനക ദുർഗയെയുമാണ്. 

വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് ചോദ്യമെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ അടിയന്തര യോഗം ചേർന്ന് വിമർശിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനം മറന്ന് തുടങ്ങിയ ഭക്തരെ അത് വീണ്ടും ഓർമിപ്പിച്ച് വികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും യോഗം ആരോപിച്ചു.

വിവിധ മേഖലയിലെ വിദഗ്‍ധർ ഉൾപ്പെടുന്ന പാനലാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നതെന്നാണ് ആദ്യം പിഎസ്‍സിയുടെ വിശദീകരിച്ചത്. പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പിഎസ്‍സി വിശദീകരിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് ചോദ്യം പിൻവലിക്കാൻ പിഎസ്‍സി തീരുമാനിച്ചതെന്നാണ് സൂചന. 

click me!