
കാഞ്ഞങ്ങാട്: സൈബർ ആതിരയുടെ ആത്മഹത്യാക്കേസിലെ പ്രതിയായ അരുൺ കാഞ്ഞങ്ങാട് ലോഡ്ജിൽ മുറിയെടുത്തത് വ്യാജപ്പേരിൽ. ഇന്നാണ് അരുണിനെ ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അരുൺ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിനെ തുടർന്ന് ആതിര ജീവനൊടുക്കിയതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.
മെയ് മാസം രണ്ടിനാണ് രാകേഷ് കുമാർ പെരിന്തൽമണ്ണ എന്ന പേരിൽ അരുൺ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ മുറിയെടുത്തത്. ഈ സമയമെല്ലാം പൊലീസ് പട കേരളത്തിലും തമിഴ്നാട്ടിലുമായി വലവിരിച്ചിരിക്കുകയായിരുന്നു. ലോഡ്ജിൽ മുറിയെടുത്ത അരുൺ പുറത്തിറങ്ങാതെ കൂടുതൽ സമയവും മുറിക്കുള്ളിൽ ചിലവഴിച്ചു. ഭക്ഷണം കഴിക്കാൻ മാത്രമായിരുന്നു പുറത്തിറങ്ങാറുണ്ടായിരുന്നതെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നു. എന്നാൽ ഇന്ന് മുറി തുറക്കാതായതോടെ ജീവനക്കാർക്ക് സംശയമായി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സഹായത്തോടെ പരിശോധിച്ചപ്പോഴാണ് റൂമിൽ നിന്നും വോട്ടർ ഐഡി കാർഡും ഡ്രൈവിംഗ് ലൈസൻസും കണ്ടെത്തിയത്. ഇതോടെയാണ് കോട്ടയത്തെ സൈബർ കേസിലെ പ്രതിയെന്ന് പൊലീസിന് ഉറപ്പിച്ചു.
നാല് ദിവസമായി 40 അംഗ പൊലീസ് സംഘം അരുണിനായി കേരളത്തിലും തമിഴ്നാട്ടിലും തിരച്ചിലിലായിരുന്നു. പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. അരുണിന് ഒളിവിൽ പോകാൻ പൊലീസ് സഹായം ചെയ്തെന്ന ആരോപണം ശക്തമായിരിക്കെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയുടെ പരാതി പൊലീസ് ചോർത്തിയെന്നാണ് ആരോപണം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അരുൺ ആതിരക്കെതിരെ അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ തന്നെ പൊലീസ് അരുണിനായി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും അപ്പോഴേക്കും അരുൺ ഒളിവിൽ പോയി. തിങ്കളാഴ്ച ആതിര ജീവനൊടുക്കി. പിന്നാലെ അരുണിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. തമിഴ്നാട് കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടെയാണ് കാസർകോട്ട് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് കോട്ടയം പൊലീസിന് വിവരം ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam