എക്സൈസ് കസ്റ്റഡിയിൽ പ്രതി മരിച്ച കേസ്: ഉദ്യോഗസ്ഥര്‍ ഹാജരായില്ലെങ്കില്‍ നടപടിയെന്ന് പൊലീസ്

By Web TeamFirst Published Oct 7, 2019, 7:12 AM IST
Highlights
  • എക്സൈസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ തുടര്‍നടപടികളിലേക്ക് പൊലീസ്
  • ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ വീണ്ടും പൊലീസ് നോട്ടീസ് നല്‍കി
  • ഹാജരായില്ലെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് 

തൃശൂർ: പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ പ്രതി മരിച്ച കേസിൽ ഉദ്യോഗസ്ഥർ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ്.ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ എക്സൈസ് വകുപ്പും നോട്ടീസ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹാജരായ എക്സൈസ് ജീപ്പ് ഡ്രൈവര്‍ ശ്രീജിതിനെ ചോദ്യംചെയ്തു വിട്ടയച്ചു.മര്‍ദ്ദനത്തില്‍ പങ്കില്ലാത്തതിനാല്‍ ശ്രീജിതിനെ പ്രതിയാക്കില്ലെന്ന് പൊലീസ് അറിയിച്ചു. മറ്റ് ഏഴ് ഉദ്യോഗസ്ഥരെ കുറിച്ച് പൊലീസിന് യാതൊരു വിവരവുമില്ല.

പൊലീസിൻറെ പ്രാഥമികാന്വേഷണത്തിൽ ഗുരുവായൂരിൽ നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് പാവറട്ടി കൂമ്പുള്ളി പാലത്തിനടുത്തുള്ള ഗോഡൗണിൽ പോലീസ് പരിശോധന നടത്തി. ഇവിടെ രഞ്ജിത്തിനെ കൊണ്ടുവന്ന് എക്‌സൈസ് ചോദ്യം ചെയ്തതായി മനസിലായി. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആരുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ കഞ്ചാവുകേസിലെ പ്രതിയെ പിടിക്കാൻ ഇറങ്ങിയത് തുടങ്ങിയ കാര്യങ്ങള്‍ അറിയാൻ എക്സൈസ് ഓഫീസർമാരുടെയും, ഉയർന്ന ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. നിലവില്‍ എഫ്ഐആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രതി ചേര്‍ത്താലുടന്‍ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കാനാണ് ഉദ്യോഗസ്ഥര്‍ ഒളിവില്‍ കഴിയുന്നതെന്നാണ് വിവരം.

click me!