
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ പെൺകുട്ടിയെ വാൽപ്പാറയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ ഷായ്ക്കാണ് ജാമ്യം ലഭിച്ചത്. കുറ്റപത്രം നൽകിയില്ലെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷനും പിന്തുണച്ചതാണ് ജാമ്യം ലഭിക്കാൻ കാരണമായത്.
മരടിൽ താമസിക്കുന്ന തുറവൂർ സ്വദേശിനിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജനുവരി എട്ടിനാണ് പനങ്ങാട് സ്വദേശി സഫർ ഷാ അറസ്റ്റിലായത്. കേസ് അന്വേഷിച്ച എറണാകുളം സെൻട്രൽ സിഐ ഏപ്രിൽ 1 ന് വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും കോടതി സ്വീകരിക്കുകയും ചെയ്തു. 83 ആം ദിവസം കുറ്റപത്രം നൽകിയതിനാൽ പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടായിരുന്നില്ല. എന്നാൽ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയ സഫർ ഷായുടെ അഭിഭാഷകൻ 90 ദിവസമായിട്ടും കുറ്റപത്രം നൽകിയിട്ടില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടതിയെ അറയിച്ചു.
പ്രതിയുടെ കള്ള വാദം അംഗീകരിക്കുകയായിരുന്നു സർക്കാർ അഭിഭാഷകൻ ഇതോടെയാണ് സെക്ഷൻ 167 പ്രകാരം ഹൈക്കോടതി സഫർ ഷായ്ക്ക് ജാമ്യം ഉപാധികളോടെ അനുവദിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കൃത്യസമയത്ത് കുറ്റപത്രം നൽകാത്തതിന് അന്വഷണ ഉദ്യോഗസ്ഥനെ വിമർശിക്കുകയും ചെയ്തു. പ്രോസിക്യൂഷന് സംഭവിച്ച ഗുരുതര വീഴ്ചയാണ് പ്രതിയ്ക്ക് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടാൻ സഹായകമായത്.
പ്രതിക്ക് ജാമ്യം ലഭിക്കാന്‍ വിഴിവിട്ട ഇടപെടല്‍ ഉണ്ടായെന്നാണ് ആക്ഷേപം. മരട് സ്വദേശിയായ പെണ്‍കുട്ടിയെ മോഷ്ടിച്ച കാറില്‍ കടത്തിക്കൊണ്ടുപോയ സഫര്‍ ഷാ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കേരള തമിഴ്നാട് അതിര്‍ത്തിയിലെ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വാല്‍പാറയ്ക്ക് സമീപംവച്ച് കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. വിധി പകർപ്പ് പുറത്ത് വന്നതോടെ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam