കൊച്ചി ബ്ലാക്ക് മെയിൽ കേസ്: തന്നെ കരുവാക്കിയതെന്ന് ഹാരിസ്, പൊലീസിൻറെ പ്രാഥമിക അന്വേഷണം പൂർത്തിയായി

By Web TeamFirst Published Jun 30, 2020, 1:06 PM IST
Highlights

തട്ടിപ്പ് ആസൂത്രണം ചെയ്തത് മേക്കപ്പ് ആർട്ടിസ്റ്റായ ഹാരിസും ഇയാളുടെ ബന്ധുവും മുഖ്യപ്രതിയുമായ റഫീക്കുമാണെന്നാണ് പൊലീസ് കണ്ടെത്തൽ

കൊച്ചി: കൊച്ചിയിൽ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസിൻറെ പ്രാഥമിക അന്വേഷണം പൂർത്തിയായി. സംഭവത്തിൽ സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നെങ്കിലും ഇത് പ്രതികൾ ഉണ്ടാക്കിയ കഥയാണെന്നാണ് പൊലീസിൻറെ ഇതുവരെയുള്ള കണ്ടെത്തൽ. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടുക മാത്രമായിരുന്നു സംഘത്തിൻറെ ലക്ഷ്യം. തട്ടിപ്പ് ആസൂത്രണം ചെയ്തത് മേക്കപ്പ് ആർട്ടിസ്റ്റായ ഹാരിസും ഇയാളുടെ ബന്ധുവും മുഖ്യപ്രതിയുമായ റഫീക്കുമാണ്. എന്നാൽ മുഖ്യസൂത്രധാരൻ താനല്ലെന്നും തന്നെ കരുവാക്കിയതാണെന്നും ഹാരിസ് പ്രതികരിച്ചു. 

പ്രതികള്‍ക്ക് ഷംന കാസിമിൻറെ ഫോൺ നമ്പർ കൈമാറിയത് സിനിമ മേഖലയിലുള്ള ഒരാളാണ്. തട്ടിപ്പിനെ കുറിച്ച് അറിയാതെയാണ് നമ്പർ കൈമാറിയതെന്നാണ് ഇയാളുടെ മൊഴി. ഈ സാഹചര്യത്തിൽ ഇയാളെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേസിൽ ഇതുവരെ എട്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ഒരാളടക്കം മൂന്നു പേർ കൂടി പിടിയിലാകാനുണ്ട്. തട്ടിപ്പിന് ഇരയായ യുവതികളിൽ നിന്നും പ്രതികൾ കൈക്കലാക്കിയ മാല, വള അടക്കം ഒൻപത് പവൻ സ്വർണാഭരണങ്ങൾ തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഷംന കാസിമിനു പുറമെ മുപ്പതോളം യുവതികളെ ഇവർ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടന്നാണ് പൊലീസിൻറെ കണ്ടെത്തൽ. നടൻ ധർമ്മജൻ ബോൾഗാട്ടി അടക്കമുള്ളവരുടെ മൊഴി എടുത്തെങ്കിലും ഇവരെ ഇപ്പോൾ പ്രതി ചേർക്കാനുളള സാഹചര്യം ഇല്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. എന്നാൽ ഇവർക്കെതിരെയുള്ള അന്വേഷണം തുടരും. ഇതിനിടെ തട്ടിപ്പ് സംഘത്തിന് സ്വർണക്കടത്ത് ഉണ്ടായിരുന്നെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കസ്റ്റംസും അന്വേഷണം തുടങ്ങി.

click me!