അഭയ കൊലക്കേസിൽ കുറ്റക്കാർ; സെഫി അട്ടക്കുളങ്ങര ജയിലില്‍, കോട്ടൂര്‍ പൂജപ്പുര ജയിലില്‍, ശിക്ഷ നാളെ വിധിക്കും

By Web TeamFirst Published Dec 22, 2020, 1:14 PM IST
Highlights

സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റിയത്. നാളെയാണ് ശിക്ഷാ വിധി വരുന്നത്. അഭയക്കേസിൽ കുറ്റക്കാരനെന്ന വിധി വന്നതിന് പിന്നാലെ താന്‍ നിരപരാധിയാണെന്ന് തോമസ് കോട്ടൂര്‍ ആവര്‍ത്തിച്ചു.

തിരുവനന്തപുരം: വൈദ്യപരിശോധനയ്ക്ക് പിന്നാലെ അഭയകേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും ജയിലിലേക്ക് മാറ്റി. സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ വെച്ച് നടത്തിയ വൈദ്യ പരിശോധനയില്‍ ഇരുവരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

കേസില്‍ നാളെയാണ് ശിക്ഷാ വിധി വരുന്നത്. അഭയക്കേസിൽ കുറ്റക്കാരനെന്ന വിധി വന്നതിന് പിന്നാലെ താന്‍ നിരപരാധിയാണെന്ന് തോമസ് കോട്ടൂര്‍ ആവര്‍ത്തിച്ചു. കുറ്റം ചെയ്തിട്ടില്ല, ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്നായിരുന്നു ഫാദര്‍ കോട്ടൂരിന്‍റെ പ്രതികരണം. കോടതി വിധിയോട് പ്രതികരിക്കാൻ സിസ്റ്റര്‍ സെഫി തയ്യാറായില്ല. കോടതി മുറിയിൽ തോമസ് കോട്ടൂര്‍ ഭാവഭേദം ഇല്ലാതെ ഇരുന്നപ്പോൾ വിധി കേട്ട സെഫി പൊട്ടിക്കരഞ്ഞു. 

അതേ സമയം അഭയാ കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോട്ടയത്തെ ക്ലാനായ സഭാ ആസ്ഥാനത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വിധിയോടുള്ള പ്രതികരണം അറിയിക്കാൻ ഇത് വരെ സഭാ നേതൃത്വം തയ്യാറായിട്ടില്ല. ഒരു പക്ഷേ ഉച്ചക്ക് ശേഷം സഭയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

click me!