
കോഴിക്കോട്: വധശ്രമക്കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം പൊലീസിൻ്റെ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അഷ്ഫാഖ്(27) ആണ് നേപ്പാളിൽ നിന്ന് അറസ്റ്റിലായത്. 2022 ലാണ് കേസിന് ആസ്പദമായ കൊലപാതകശ്രമം. ബാലുശ്ശേരി സ്വദേശി ലുഖ്മാനുൽ ഹക്കീമിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ലുഖ്മാൻ്റെ ഭാര്യപിതാവാണ് ക്വട്ടേഷൻ നൽകിയത്. കേസ് അന്വഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് മുങ്ങിയ അഷ്ഫാഖിനെ കഴിഞ്ഞ ദിവസമാണ് ചേവായൂർ പൊലീസ് നേപ്പാളിൽ വച്ച് പിടികൂടിയത്.
ബാലുശ്ശേരി സ്വദേശിയായ ലുക്മാനുൽ ഹക്കീമും ഭാര്യയും തമ്മിലുള്ള വിവാഹമോചനകേസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നടന്നിരുന്നു. ഈ സമയത്ത് ലുക്മാനുൽ ഹക്കീമിന്റെ ഭാര്യാപിതാവായ മലപ്പുറം രണ്ടത്താണി സ്വദേശി കുഞ്ഞിമുഹമ്മദ് കുട്ടി ഹക്കീമിനെ കൊല്ലാനായി ബേപ്പൂർ സ്വദേശിയായ ജാഷിംഷാ എന്നയാൾക്ക് കൊട്ടേഷൻ കൊടുക്കുകയായിരുന്നു. ജാഷിംഷാ നാല് പേരെ ഇതിനായി നിയോഗിച്ചു. അവർ ലുക്മാനുൽ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ കൊണ്ടോട്ടി റോഡിലെ തടി മില്ലിൽ എത്തിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമിയ്ക്കുന്നതിനിടെ ശബ്ദം കേട്ട് നാട്ടുകാർ വന്നപ്പോഴേയ്ക്കും കാറിൽ രക്ഷപ്പെടുകയായിരുന്നു.
ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിൽ കേസ്സിലെ 6-ാം പ്രതിയായ മുഹമ്മദ് അഷ്ഫാഖ് വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. അന്വേഷണത്തിനിടെ പ്രതി നേപ്പാളിൽ ഉണ്ടെന്ന് മലസ്സിലാക്കുകയും, ചേവായൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ പ്രതിയെ കണ്ടെത്തുന്നതിനായി നേപ്പാളിലേയ്ക്ക് പോകുകയുമായിരുന്നു. തുടർന്ന് 12-ാം തിയ്യതി നേപ്പാളിലെ കാഠ്മണ്ഡുവിനടുത്തുവെച്ച് വളരെ സാഹസികമായി പ്രതിയെ അന്വേഷണസംഘം കണ്ടെത്തുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇന്നലെ രാത്രിയോടെ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam