
തൃശൂർ: ഇരുപത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതിയായ അന്തർ ജില്ലാ മോഷ്ടാവ് മരപ്പട്ടി മനാഫ് അറസ്റ്റിൽ. മല്ലാട് പുതുവീട്ടിൽ മുഹമ്മദലി മകൻ മനാഫിനെ(45)യാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13-ാം തീയതി ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ മോഷണം നടന്നതിനെ തുടർന്ന് വടക്കേക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം വ്യപിപ്പിച്ചിരുന്നു. അന്നേ ദിവസം തന്നെ നാലപ്പാട്ട് റോഡിലുള്ള വീട്ടിൽ നിന്നും ഒരു മോട്ടോർ സൈക്കിളും ആറ്റുപുറത്ത് നിന്ന് ഒരു സൈക്കിളും മോഷണം പോയിരുന്നു. ഗോവിന്ദപുരം ക്ഷേത്രത്തിലെ സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ മാസ്കും ഗ്ലൗസും ധരിച്ചിരുന്ന ആൾ എന്ന് മാത്രമേ വിവരം ലഭിച്ചിരുന്നുള്ളു. പിന്നീട് വടക്കേക്കാട് പൊലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് 200 ഓളം ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആറ്റുപുറത്ത് നിന്നും സൈക്കിൾ മോഷ്ടിച്ച ശേഷം ഗോവിന്ദപുരം ക്ഷേത്രത്തിലെത്തി ഗോളകയും ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണവും മോഷ്ടിച്ച ശേഷം സൈക്കിളിൽ നാലപ്പാട്ട് റോഡിലെ എടക്കാട്ട് ബാബുവിൻ്റെ വീട്ടിൽ സൈക്കിൾ ഉപേക്ഷിച്ചു. ശേഷം അവിടെ ഉണ്ടായിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച് തെക്കിനേടത്തു പടി വഴി മല്ലാട് ഭാഗത്തേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ പ്രതിയിലേക്കെത്താൻ പൊലീസിനു കഴിയുമായിരുന്നില്ല. ഇതിനിടയിലാണ് തിങ്കളാഴ്ച പുലർച്ചെ ചാവക്കാട് പുന്ന അയ്യപ്പ ക്ഷേത്രത്തിലും നരിയമ്പുള്ളി ക്ഷേത്രത്തിലും പഞ്ചലോഹ വിഗ്രഹവും സ്വർണ്ണ കിരീടവും ഉൾപ്പെടെ സമാന രീതിയിലുള്ള മോഷണം നടന്നത്. വിവരമറിഞ്ഞ് വടക്കേക്കാട് എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള സംഘം പുന്ന ക്ഷേത്രത്തിലും നരിയമ്പുള്ളി ക്ഷേത്രത്തിലും എത്തി പരിശോധന നടത്തുകയായിരുന്നു. ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ നടന്ന സമാന സ്വഭാവമുള്ള മോഷണങ്ങളാണ് ചാവക്കാട് നടന്നിട്ടുള്ളതെന്ന് മനസ്സിലാക്കിയ പൊലീസ് മനാഫിൻ്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. രണ്ടു സംഘങ്ങളായി ഇരിങ്ങാലക്കുടയിലേക്ക് പോകുകയും ഒളിവിൽ കഴിയുകയായിരുന്ന മനാഫിനെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
വീട്ടിൽ സൂക്ഷിച്ചിരുന്ന നരിയമ്പുള്ളി ക്ഷേത്രത്തിലെ വിഷ്ണുമായ വിഗ്രഹവും സ്വർണ്ണ കിരീടവും ഉൾപ്പെടെയുള്ള മോഷണ മുതലുകൾ പൊലീസ് കണ്ടെടുത്തു. ഗോവിന്ദപുരം ക്ഷേത്രത്തിലെ വെള്ളി ഗോളക ഉരുക്കിയ രൂപത്തിലും ദണ്ഡാരത്തിലെ പണവും പൊലീസിന് ലഭിച്ചു. പെരുമ്പടപ്പ് കാട്ടുമാഠം ക്ഷേത്രത്തിലെ മോഷണ കേസിൽ അറസ്റ്റിലായി ജൂൺ മാസത്തോടെ പുറത്തിറങ്ങിയ ശേഷം രാത്രികാലങ്ങളിൽ ചാവക്കാട്, വടക്കേക്കാട് ഭാഗങ്ങളിൽ മോഷണം നടത്തുകയും പകൽ സമയം ഇരിങ്ങാലക്കുടയിൽ ഒളിവിൽ താമസിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്. ക്ഷേത്രമോഷണങ്ങൾ വ്യാപകമായതിനെ തുടർന്ന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോയുടെ നിർദ്ദേശ പ്രകാരം ഗുരുവായൂർ എസി പി ബിജു എം കെ യുടെ മേൽനോട്ടത്തിൽ വടക്കേക്കാട് എസ് എച്ച് ഒ ആനന്ദ് കെ.പി, എസ് ഐ മാരായ ഗോപിനാഥൻ സി.എൻ, സുധീർ പി.എ, യൂസഫ് കെ.എ, സാബു പി.എസ്, എ എസ് ഐ രാജൻ, സിപിഒ സതീഷ് ചന്ദ്രൻ, റോബർട്ട്, ഹരി, രതീഷ് കുമാർ, സൈബർ പൊലീസ് സ്റ്റേഷൻ സി പി ഒ നിഥിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് മരപ്പട്ടി മനാഫ്.
READ MORE: മക്കൾ സ്കൂളിൽ പോയ സമയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam