ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ മാറ്റുന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു. നിലവിൽ തീരുമാനം എടുത്തിട്ടില്ല, തീരുമാനം എടുക്കുന്നതിൽ മനസ്ഥാപമില്ലെന്നും ജയകുമാർ വ്യക്തമാക്കി

പത്തനംതിട്ട: ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നതിൽ തീരുമാനം പിന്നീട് എടുക്കേണ്ടിവരുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാർ. നിലവിൽ തീരുമാനം എടുത്തിട്ടില്ല, തീരുമാനം എടുക്കുന്നതിൽ മനസ്ഥാപമില്ലെന്നും ജയകുമാർ വ്യക്തമാക്കി. അടുത്ത് മകര വിളക്ക് സീസണിൽ ശബരിമലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരാനുള്ള റിപ്പോർട്ട് തയ്യാറാക്കിയെന്നും ജയകുമാർ പറഞ്ഞു. സ്വയം സ്പോണ്‍സർമാർ ഇനിവേണ്ടെയെന്നും ബോർഡ് തീരുമാനിച്ചു. ശബരിമലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് വിഷൻ ശബരിമല അവതരിപ്പിച്ച ശേഷമായിരുന്നു ദേവസ്വം പ്രസിഡന്‍റിന്‍റെ പ്രതികരണം. ശബരിമല അവലോകന യോഗത്തിലാണ് ജയകുമാർ വിഷൻ ശബരിമല അവതരിപ്പിച്ചത്.

YouTube video player

വിഷൻ ശബരിമല

ശബരിമലയിൽ സമഗ്ര മാറ്റം മുന്നോട്ടുവെക്കുന്നതാണ് വിഷൻ ശബരിമല. ശബരിമലക്കായി പ്രത്യേക ബജറ്റ് ഉണ്ടാകും. പമ്പയിൽ പിൽഗ്രിം സെന്‍റര്‍ ആരംഭിക്കും. ശബരിമലയിലെ തന്ത്രിമാര്‍ ഒരോ സീസണിലും മാറി മാറി വരുന്നതിൽ തീരുമാനമെടുക്കേണ്ടിവരുമെന്നും കെ ജയകുമാര്‍ പറഞ്ഞു. സന്നിധാനത്ത് ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കും. കാണാതായവരെ കുറിച്ചുള്ള അനൗണ്‍സ്മെന്‍റ് 30 മണിക്കൂര്‍ ഇടവിട്ടായിരിക്കും ഉണ്ടാകുക. എല്ലാ ഭാഷയിലും അറിയിപ്പ് നൽകും. 483 കോടിയാണ് ഈ സീസണിലെ വരുമാനമെന്നും ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി. ഈ സീസണിലെ ചെലവ് തിട്ടപ്പെടുത്തിയിട്ടില്ല. മകരവിളക്ക് കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ ഓഡിറ്റ് നടത്താനും തീരുമാനിച്ചു. സ്വയംഭൂ സ്പോണ്‍സര്‍മാരിൽ നിന്ന് സംഭാവന സ്വീകരിക്കില്ല. ആവശ്യമെങ്കിൽ ബോര്‍ഡ് സ്പോണ്‍സറെ കണ്ടെത്തും. പൂര്‍ണമായും ഇടപാടുകള്‍ ഡിജിറ്റലാകും. ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി പരിശീലനം നൽകും. താൽക്കാലിക ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചു. ശബരിമലയിൽ വിലക്ക് ലംഘിച്ച് സിനിമ ഷൂട്ടിങ് നടന്നതിൽ ആവശ്യമായ പരിശോധന നടത്തും. എന്ത് കാര്യത്തിനാണ് ഷൂട്ടിങ് നടത്തിയതെന്നും പരിശോധിക്കും. ഷൂട്ടിങിന് അനുമതി നൽകിയിട്ടില്ലെന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു.

സ്വർണ്ണക്കൊള്ളയിൽ പുതിയ പോർമുഖം

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ശബരിമല സ്വർണ്ണക്കൊള്ളയിൽ പുതിയ പോർമുഖം തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് കെ സി വേണുഗോപാലെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ ആരോപണം. 2004 ൽ ദേവസ്വം മന്ത്രിയായിരുന്ന കോൺഗ്രസ് അഖിലേന്ത്യ നേതാവെന്നായിരുന്നു പോറ്റിയെ കേറ്റിയത് എന്നായിരുന്നു പത്തനംതിട്ടയിൽ എൽ ഡി എഫ് മധ്യമേഖല ജാഥ ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞുവച്ചത്. എന്നാൽ പ്രതികളെ സംരക്ഷിക്കുന്നത് ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അമ്പലക്കള്ളമാരെ അകത്താക്കുമെന്നും കെ സി വേണുഗോപാലും തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്റെ പുതുയുഗ യാത്ര കാസർകോട് കുമ്പളയിൽ ഉദ്ഘാടനം ചെയ്യവെയായിരുന്നു കെ സിയുടെ തിരിച്ചടി.