
കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ ഡോക്ടർക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പ്രതികളുടെയും ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കി. പ്രതികളായ സൽമാനുൽ ഫാരിസ്, റാഷിദ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഡോക്ടർമാർക്കെതിരായ ആക്രമണം നീതികരിക്കാനാവില്ലെന്ന് ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി.
ആക്രമണത്തിന് ഇരയായ ഡോക്ടറുടെ ഹർജിയിലാണ് ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്. പ്രസവത്തിന് ശേഷം യുവതിയുടെ കുഞ്ഞ് മരിച്ചതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ കയ്യാങ്കളി നടന്നത്. മരിച്ച കുഞ്ഞിന്റെ പിതാവാണ് കേസിലെ പ്രതികളിൽ ഒരാളായ സൽമാനുൽ ഫാരിസ്. ഇയാളുടെ ബന്ധുവാണ് റാഷിദ്. ഇരുവരും കേസിൽ രണ്ടും മൂന്നും പ്രതികളാണ്.
ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ സൽമാനുൽ ഫാരിസും റാഷിദും തിങ്കളാഴ്ച കോഴിക്കോട് ജില്ലാ കോടതിൽ കീഴടങ്ങുമെന്ന് പ്രതികളുടെ അഭിഭാഷകൻ വ്യക്തമാക്കി. ജാമ്യഹർജി വീണ്ടും സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി ജീവനക്കാരുടെ പരാതിയിൽ ആറു പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി നടക്കാവ് പൊലീസ് കേസ്സെടുത്തത്. ഇവരിൽ മൂന്ന് പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൽമാനുൽ ഫാരിസും റാഷിദും കഴിഞ്ഞ മാർച്ച് 20 ന് കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാവുകയായിരുന്നു. പ്രതികളുടെ ജാമ്യ ഹർജി അന്ന് തന്നെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ച കോടതി ഇരുവർക്കും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam