
മുംബൈ: കോഴിക്കോട് എലത്തൂർ ട്രെയിൻ കത്തിക്കൽ കേസിൽ പിടിയിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ , ആധാർ കാർഡ് , പാൻകാർഡ് , കൊടാക് ബാങ്ക് എ ടി എം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എ ടി എസ് വിശദീകരിച്ചു.
അതേസമയം പ്രതിയെ കേരള പൊലീസിന് കൈമാറിയിട്ടുണ്ട്. എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. കൂടുതൽ പേരിലേക്ക് കേസന്വഷണം നീളുകയാണ്. ചിലരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും വിവരമുണ്ട്.
ട്രെയിൻ ആക്രമണത്തിന് ശേഷം ലഭിച്ച ബാഗിൽ നിന്ന് ലഭിച്ച ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നിർണായകമായ തുമ്പ് പൊലീസിന് ലഭിച്ചത്. ഷാരൂഖ് സൈഫിയുടെ ബാഗിൽ നിന്ന് കിട്ടിയ ഫോണിൽ 2 സിമ്മുകൾ ഉപയോഗിച്ചെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേന്ദ്ര ഏജൻസികളടക്കം ഈ വിവരത്തിന് പിന്നാലെ സസൂഷ്മം നിരീക്ഷണം തുടർന്നിരുന്നു. ഇന്ന് പുലർച്ചയോടെ രത്നഗിരിയിൽ ഇതിൽ ഒരു സിം ഓണായതാണ് പ്രതിയെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. സിം ഓണായതിന് പിന്നാലെ തന്നെ ഐ ബി വിവരം മഹാരാഷ്ട്ര എ ടി എസിന് വിവരം കൈമാറി. പിന്നെയെല്ലാം അതിവേഗത്തിലായിരുന്നു. എ ടി എസ് നിമിഷങ്ങൾക്ക് അകം രത്നഗിരി ആർ പി എഫിന് വിവരം കൈമാറി. അപകടം മണത്തറിഞ്ഞ ഷാറൂഖ് സൈഫി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ചെന്ന് ചാടിയത് ആർ പി എഫിന്‍റെ വലയിലായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam