
തൃശൂർ: വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമാണ് ഡിഎൻഎ പരിശോധന നടത്തിയതെന്ന് വനം മന്ത്രി ഏകെ ശശീന്ദ്രൻ. പ്രതികളുടെ വാദം പൊളിഞ്ഞു. മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ട ഘട്ടമെത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് കേസെടുത്താൽ പ്രതികൾക്ക് 500 രൂപ മാത്രമാണ് പിഴ ചുമത്തുന്നത്. അതുകൊണ്ടാണ് പിഡിപിപി ആക്റ്റ് പ്രകാരം കേസെടുത്ത് നീങ്ങിയതെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. മുട്ടിൽ മരംമുറി കേസിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ വനം വകുപ്പിൽ കെട്ടിക്കിടക്കുന്ന കേസുകൾ ഉണ്ട്. അത് കോടതിയിലെത്തിക്കാൻ സർക്കിൾ തലത്തിൽ പരിശോധന നടത്തും. ഡിഎൻഎ ടെസ്റ്റ് പ്രകാരം 450കൊല്ലം പഴക്കമുള്ള മരം മുറിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തെന്ന് നേരത്തെ കണ്ടെത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കിൽ പ്രതികൾ 500 രൂപ പിഴയടച്ചു രക്ഷപ്പെടുമായിരുന്നുവെന്ന് മന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു. എസ് ഐ ടി അന്വേഷണം വന്നതിനാൽ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കം കുറ്റങ്ങൾ കോടതിയിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞിരുന്നു. ഒരു സർക്കാർ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിക്കുക ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വീകരിക്കുക പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും. നിയമലംഘനം നടത്തിയവരോട് വിട്ടുവീഴ്ചയില്ല. മരം കൊള്ള സംബന്ധിച്ച ഡിഎൻഎ പരിശോധന ഇന്ത്യയിൽ തന്നെ ആദ്യാണെന്നും മന്ത്രി പറഞ്ഞിരുന്നു. അതിനിടെ, മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകൾ ശരിയെന്ന് ഭൂവുടമകൾ വ്യക്തമാക്കിയിരുന്നു. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാൻ സമീപിച്ചത്. എന്നാൽ മരം മുറിക്കാനായി ഒരിടത്തും അപേക്ഷ നൽകിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകൾ വ്യക്തമാക്കി.
https://www.youtube.com/watch?v=2N5iD8u9lUk