
എറണാകുളം: പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. അസം സ്വദേശിയായ മസീബുൾ റഹ്മാനാണ് അറസ്റ്റിലായത്. കേസിൽ പെരുമ്പാവൂര്‍ സ്വദേശികളായ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2021 ഡിസംബർ മാസത്തിലാണ് സംഭവം. പെരുമ്പാവൂര്‍ ടൗണിൽ നിന്ന് രാത്രിയിൽ മൂന്നുപേർ ചേർന്ന് അസം സ്വദേശിയായ ബാബുൽ ഇസ്ലാമിനെ കാറിൽ ബലമായി കയറ്റി.ദേഹോപദ്രവം ചെയ്ത്, 50000 രൂപ തട്ടിയെടുത്തു.
സംഭവത്തിൽ പെരുമ്പാവൂര്‍ സ്വദേശികളായ സാഹിറിനെയും, അജിയെയും നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ പങ്കാളിയായിരുന്ന മസീബുൾ റഹ്മാൻ അസമിലേക്ക് ഒളിവിൽ പോയി. രാവിലെയോടെ ഇയാൾ വിമാനമാർഗം സംസ്ഥാനത്തേക്ക് എത്തുന്നു എന്നറിഞ്ഞാണ് പെരുമ്പാവൂര്‍ പൊലീസ് നെടുമ്പാശ്ശേരിയിലെത്തിയത്. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ സാഹിർ ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്. അജി ജാമ്യത്തിലും. അറസ്റ്റിലായ മസീബുൾ റഹ്മാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചെന്നൈ: മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നതിനിടെ യുവാവിനെ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായി. തമിഴ്നാട് കൊടൈക്കനാലിൽ ആണ് സംഭവം. രാമനാഥപുരം പാറമക്കുടി സ്വദേശിയായ അജയ് പാണ്ഡ്യൻ എന്ന യുവാവിനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇദ്ദേഹത്തിനായി തെരച്ചിൽ തുടരുകയാണ്.
തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും കഴിഞ്ഞ ഏതാനം ദിവസങ്ങളായി വ്യാപക മഴ തുടരുകയാണ്. പുഴകളിലും വെള്ളച്ചാട്ടങ്ങളിലും നീരൊഴുക്ക് കൂടിയതിനാൽ സഞ്ചാരികൾക്ക് നിയന്ത്രണമുണ്ടെങ്കിലും പലയിടത്തും വിലക്ക് ലംഘിച്ച് ചെറുപ്പക്കാർ എത്തുന്നുണ്ട്. ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ മലനിരകളിലെത്തിയ ചെറുപ്പക്കാരനാണ് അപകടത്തിൽ പെട്ടത്. മലയോരത്തെ പുല്ലാവേലി വെള്ളച്ചാട്ടത്തിന് മുകളിൽ നിന്ന് ഫോൺ ക്യാമറയിൽ വീഡിയോ പകർത്തുകയായിരുന്നു അജയ് പാണ്ഡ്യനും സുഹൃത്തുക്കളും.
പാറക്കെട്ടിലേക്ക് ഇറങ്ങുന്ന അജയ് പാണ്ഡ്യൻ തന്‍റെ വീഡിയോ പകർത്താൻ ആവശ്യപ്പെട്ടു. പെട്ടെന്ന് വഴുക്കലുള്ള പാറയിൽ കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു. കൊടൈക്കനാൽ തണ്ടിക്കുടിയിലെ സ്വകാര്യ എസ്റ്റേറ്റ് ജീവനക്കാരനാണ് ഇരുപത്തിയാറുകാരനായ അജയ് പാണ്ഡ്യൻ. പൊലീസും വനംവകുപ്പും അഗ്നിരക്ഷാ സേനയും ഇദ്ദേഹത്തിനായി തെരച്ചിൽ തുടരുകയാണ്. എന്നാൽ ശക്തമായ മഴയും കോടയിറങ്ങിയത് കാരണം കാഴ്ച തടസ്സപ്പെടുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam