കേരളത്തിന് പുറത്ത് വെൽഡിംഗ് ജോലിക്ക് എന്ന് പറഞ്ഞ് പോയി ഒരു മാസത്തോളം താമസിച്ച് അവിടെ നിന്നും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുകയാണ് പ്രതികൾ ചെയ്തു വന്നിരുന്നത്
ആലപ്പുഴ: റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്ന് കഞ്ചാവ് കൈവശം വച്ചിരുന്ന മൂന്ന് യുവാക്കള്‍ പിടിയില്‍. വാടയ്ക്കല്‍ പാല്യതയ്യില്‍ മിഥുന്‍ (24), വാടയ്ക്കല്‍ വെള്ളപ്പനാട് ബെന്‍സണ്‍ (23), വണ്ടാനം അനന്ദകൃഷ്ണന്‍ (24) എന്നിവരാണ് ഒന്നരകിലോ കഞ്ചാവുമായി പിടിയിലായത്. ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് ക്വട്ടേഷൻ സംഘങ്ങൾ വ്യാപകമായി ലഹരി വ്യാപാരം നടത്തുന്നുവെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ധൻബാദ് ട്രെയിനിൽ ഒഡീഷയിൽ നിന്ന് ആലപ്പുഴയിൽ വന്നിറങ്ങി ബസ് കാത്തു നിൽക്കുമ്പോഴാണ് ഇവർ പൊലീസിന്റെ പിടിയിലായത്. കേരളത്തിന് പുറത്ത് വെൽഡിംഗ് ജോലിക്ക് എന്ന് പറഞ്ഞ് പോയി ഒരു മാസത്തോളം താമസിച്ച് അവിടെ നിന്നും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുകയാണ് പ്രതികൾ ചെയ്തു വന്നിരുന്നത്. ഇവർ ലഹരി കടത്തിന് ആദ്യമായാണ് പിടിയിലാകുന്നത്. പുന്നപ്ര കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് മനസ്സിലാകുന്നത്. ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കോഴിക്കോട് ലഹരി മാഫിയയിലെ പ്രധാന കണ്ണിയും അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് കോളത്തറ കണ്ണാടിക്കുളം സ്വദേശി മജീദ് എന്ന ഇമ്പാല മജീദ് (55) ആണ് പിടിയിലായത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ച 580 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശ്രീനിവാസ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി ടൗൺ പൊലീസ് സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ഡൻസാഫ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ നേരത്തെ ഇയാളെ പിടികൂടിയിരുന്നു.
കോഴിക്കോട് തളി ഭാഗത്ത് നിന്ന് മുന്നൂറ് ഗ്രാം കഞ്ചാവുമായി മാർച്ച് മാസം കസബ പൊലീസ് സ്റ്റേഷനിലും നൂറ്റി അറുപത് ഗ്രാം കഞ്ചാവുമായി കഴിഞ്ഞ മാസം ടൗൺ പോലീസ് സ്റ്റേഷനിലും മജീദിനെ പിടികൂടിയിരുന്നു. ഒരുകിലോഗ്രാമിനു താഴെയുള്ള അളവിൽ കഞ്ചാവുമായി വിൽപനയ്ക്കിറങ്ങുകയാണ് പതിവ്. ഡൻസാഫ് അംഗങ്ങളായ കെ.അഖിലേഷ്, അർജുൻ അജിത്ത് ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, ടൗൺ എസ്ഐ എ. മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജേഷ്, അഷ്റഫ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഇതരസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടി; ഒളിവിലായിരുന്ന പ്രതി പിടിയില്‍
