
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് ഇടപാടിനായി പ്രതികള്‍ സമാഹരിച്ചത് എട്ട് കോടി രൂപ. പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേർന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്ക്കാണ് ദുബായിയില്‍ നിന്ന് സ്വര്‍ണം എത്തിച്ചത്. മൂവാറ്റുപുഴ സ്വദ്ദേശി ജലാലാണ് ജ്വല്ലറികളുമായി കരാറുണ്ടാക്കിയത്. ഏഴ് ലക്ഷം രൂപയാണ് സരിത്തിനും സ്വപ്നക്കും കമ്മീഷനായി നിശ്ചയിച്ചിരുന്നത്
സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. സ്വര്‍ണം വന്ന ദിവസം പ്രതികള്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ടവര്‍ ലൊക്കേഷന്‍റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ജമാൽ, റമീസ്, അൻവർ, ഷാഫി എന്നിവരാണ് തിരുവനന്തപുരത്ത് എത്തിയത്. സെക്രട്ടറിയേറ്റിന് സമീപമുള്ള ഫ്ലാറ്റിലും എതിരെയുള്ള ഹോട്ടലിലും പ്രതികള്‍ എത്തിയിരുന്നു.
സ്വര്‍ണമെത്തിയ ദിവസം റമീസും ജലാലും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. 1,2 തീയതികളില്‍ സെക്രട്ടേറിയറ്റിന് സമീപമുള്ള ഫ്ലാറ്റിലാണ് ഇവര്‍ താമസിച്ചത്. ഇവർക്കൊപ്പമെത്തിയ ചിലർ എതിരെയുള്ള പഞ്ചനക്ഷത്ര ഹോട്ടലിലും താമസിച്ചു. സ്വർണം വന്ന ദിവസങ്ങളിൽ സ്വപ്നയുടെ ഫോണ്‍ ടവര്‍ ലൊക്കേഷനും സെക്രട്ടറ്റയേറ്റിന്‍റെ പരിസരത്ത് തന്നെയാണ്.
അതേസമയം, കേസിൽ രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. മഞ്ചേരി സ്വദേശി അൻവറും, വേങ്ങര സ്വദേശി സയ്തലവിയുമാണ് അറസ്റ്റിലായത്. വിമാനത്താവള സ്വർണ്ണക്കടത്തിനായി പ്രതികൾ എട്ട് കോടി രൂപ സമാഹരിച്ചുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം റിമാൻഡിലായ മലപ്പുറം സ്വദേശി റമീസിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്‍റെ അപേക്ഷ കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി സരിത്തിന്‍റെ ജാമ്യാപേക്ഷയും കോടതിയിലുണ്ട്.
അതിനിടെ, സ്വര്‍ണ്ണകടത്തില്‍ എന്‍ഐഎ പ്രതിചേര്‍ക്കാത്തവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തിട്ടുണ്ട്. നാല് പേര്‍ക്കെതിരെയാണ് എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തത്. സരിത്, സ്വപ്ന, ഫമീസ്, സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കേസ്. കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിച്ച് സ്വത്ത് സമ്പാദനം നടത്തിയോ എന്നും അന്വേഷിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam