എം വിജിൻ എംഎൽഎയോട് കൊമ്പുകോര്‍ത്ത എസ്ഐയുടെ തൊപ്പി തെറിക്കും? തെറ്റ് പൊലീസിന്റേതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Published : Jan 10, 2024, 07:54 PM IST
എം വിജിൻ എംഎൽഎയോട് കൊമ്പുകോര്‍ത്ത എസ്ഐയുടെ തൊപ്പി തെറിക്കും? തെറ്റ് പൊലീസിന്റേതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Synopsis

സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തെങ്കിലും എംഎൽഎയെ ഒഴിവാക്കി. കെജിഎൻഎ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേരുമായിരുന്നു പ്രതികൾ

കണ്ണൂര്‍: കല്യാശേരി എംഎൽഎ എം വിജിനും കണ്ണൂര്‍ ടൗൺ പൊലീസും തമ്മിലുള്ള തര്‍ക്കത്തിൽ എസ്ഐ ഷമീലിന് തെറ്റ് പറ്റിയെന്ന് എസിപിയുടെ റിപ്പോര്‍ട്ട്. പ്രോട്ടോക്കോൾ പാലിക്കാതെയാണ് കണ്ണൂര്‍ ടൗൺ എസ്ഐ ഷമീൽ പെരുമാറിയതെന്നും സ്ഥിതി വഷളാക്കിയത് എസ്ഐയുടെ പെരുമാറ്റമാണെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. എം വിജിൻ എംഎൽഎയാണെന്ന് മനസിലായ ശേഷവും എസ്ഐ മോശമായി പെരുമാറി. കളക്ട്രേറ്റ് ഗേറ്റിൽ സുരക്ഷ ഒരുക്കാത്തതും വീഴ്ചയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതോടെ എസ്ഐക്കെതിരെ നടപടി ഉറപ്പായി. എം വിജിൻ എംഎൽഎ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസിപി അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി. 

കെജിഎൻഎ എന്ന സിപിഎം അനുകൂല സംഘടന കണ്ണൂര്‍ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് വിവാദ സംഭവം ഉണ്ടായത്. കളക്ട്രേറ്റ് വളപ്പിൽ കടന്നവർക്കെതിരെ കേസെടുക്കുമെന്ന ടൗൺ എസ്ഐയുടെ ഭീഷണിയായിരുന്നു എംഎൽഎയും പൊലീസും തമ്മിൽ കൊമ്പുകോർക്കാൻ കാരണം. പ്രകടനമായെത്തിയ നഴ്സുമാർ കളക്ട്രേറ്റിന് അകത്തുകയറിയത് തടയാൻ പൊലീസ് ഉണ്ടായിരുന്നില്ല. അതിനാൽ വീഴ്ച പൊലീസിനാണെന്നും പിന്നെ എന്തിനാണ് കേസെന്നുമായിരുന്നു എംഎൽഎയുടെ ചോദ്യം. കേസെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥ എംഎൽഎയുടെ പേര് ചോദിക്കുകയും ചെയ്തു. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തെങ്കിലും എംഎൽഎയെ ഒഴിവാക്കി. കെജിഎൻഎ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേരുമായിരുന്നു പ്രതികൾ. സിവിൽ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയതിനും അന്യായമായി സംഘം ചേർന്നതിനും വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തിൽ എംഎൽഎ നൽകിയ പരാതി എസിപി രത്നകുമാറാണ് അന്വേഷിച്ചത്. സംഭവത്തിൽ എസ്ഐ ഷമീലിന്റെയും കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കെജിഎൻഎ ഭാരവാഹികളുടെയും സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥരുടെയും സ്ഥലത്തുണ്ടായിരുന്ന മറ്റ് ദൃക്സാക്ഷികളുടെയും മൊഴി എസിപി രേഖപ്പെടുത്തിയിരുന്നു. ഇതടക്കമാണ് കമ്മീഷണര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തുടക്കം തന്നെ കളറാക്കാൻ ബിജെപി, എത്തുന്നത് പ്രധാനമന്ത്രി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം, കൊച്ചിയിൽ മോദിയുടെ റോഡ് ഷോയും
ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ നിർണായക ദിനം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ വിധി ഇന്ന്