കാട്ടാക്കടയിൽ കരാറുകാരൻ ഉപേക്ഷിച്ച കിഫ്ബി റോഡ് നിർമ്മാണം നാട്ടുകാർ പണം പിരിച്ച് പൂർത്തിയാക്കി. മൂന്ന് വർഷമായി യാത്രാക്ലേശം അനുഭവിച്ച ജനങ്ങൾ ഒരു ലക്ഷത്തോളം രൂപ സ്വരൂപിച്ചാണ് കോൺക്രീറ്റ് ചെയ്തത്. പ്രദേശവാസിയായ തൊഴിലാളി വെട്ടുകത്തി കൊണ്ട് നാട മുറിച്ച് ഇതിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

തിരുവനന്തപുരം: കോടികളുടെ പദ്ധതിയിൽ നിർമാണം നടന്നിരുന്ന റോഡ് പണി പൂർത്തിയാക്കാതെ കരാറുകാരൻ ഉപേക്ഷിച്ചതോടെ റോഡ് പൂർത്തിയാക്കി ഉദ്ഘാടനവും നടത്തി നാട്ടുകാർ. കാട്ടാക്കട പഞ്ചായത്തിലെ പനയങ്കോട് വാർഡിൽ മേച്ചിറ ജംഗ്ഷനിൽ കിഫ്ബി പദ്ധതിയിൽ ടാർ ചെയ്ത റോഡിൽ 60 മീറ്ററോളം റോഡ് പൂർത്തീകരിക്കാതെ കരാറുകാരൻ ഉപേക്ഷിച്ചതോടെയാണ് നാട്ടുകാർ നേരിട്ടിറങ്ങിയത്. നിരവധി സ്കൂൾ വാഹനങ്ങളും ബസുകളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ദിനവും ആശ്രയിക്കുന്ന റോഡാണിത്. കലുങ്ക് നിർമാണവുമായി ബന്ധപ്പെട്ട സ്ഥലത്താണ് നിർമാണം നടന്നിരുന്നതിനാൽ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. മൂന്ന് വർഷങ്ങളോളം ജനങ്ങൾ സഹിച്ചു. നിരവധി പരാതികൾ കൊടുത്തിട്ടും പരിഹാരം കാണാതായതോടെ നാട്ടുകാർ ചേർന്ന് ഒരു ലക്ഷത്തിൽപരം സ്വരൂപിച്ച് കോൺക്രീറ്റ് ചെയ്തു. ഇതിന്‍റെ ഉദ്ഘാടനം പ്രദേശത്തെ താമസക്കാരനായ തെങ്ങുകയറ്റ തൊഴിലാളി മനോഹരൻ വെട്ടുകത്തി കൊണ്ട് നാട മുറിച്ച് നിർവഹിച്ചു. ഇതോടൊപ്പം മണലി - മൂങ്ങോട് റോഡിന്‍റെ പണി ഇനിയും പൂർത്തിയാക്കാനുണ്ട്. എത്രയും പെട്ടെന്ന് അധികാരികൾ ഇടപെട്ട് പണികൾ പൂർത്തീകരിച്ച് ജനങ്ങളുടെ യാത്രാ സൗകര്യം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.