G Sudhakaran | പരസ്യ ശാസന, നവമാധ്യമങ്ങളിൽ പോര് രൂക്ഷം, പാർട്ടി സമ്മേളനങ്ങളിൽ എന്താകും?

By Web TeamFirst Published Nov 7, 2021, 6:51 AM IST
Highlights

തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിലെ നടപടി, പാർട്ടിക്കുള്ളിൽ ഒതുങ്ങുമെന്നായിരുന്നു സുധാകര പക്ഷത്തിന്‍റെ വിലയിരുത്തൽ. ഇതേത്തുടർന്ന് ഒരുവേള സജീവമല്ലായിരുന്ന ജി സുധാകരൻ, ജില്ലയ്ക്ക് പുറത്ത് പോലും പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്തു.

ആലപ്പുഴ: ജി സുധാകരനെതിരായ നടപടി പാർട്ടി സമ്മേളനങ്ങളിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒരു ചലനവുമുണ്ടാക്കില്ലെന്ന് എതിർചേരി വിലയിരുത്തുമ്പോൾ, വിഷയം ചൂടേറിയ ചർച്ചയാകുമെന്ന് സുധാകര പക്ഷം പറയുന്നു. അതേസമയം, അച്ചടക്ക നടപടിക്ക് പിന്നാലെ നവമാധ്യമങ്ങളിൽ പോര് രൂക്ഷമാണ്.

തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിലെ നടപടി, പാർട്ടിക്കുള്ളിൽ ഒതുങ്ങുമെന്നായിരുന്നു സുധാകര പക്ഷത്തിന്‍റെ വിലയിരുത്തൽ. ഇതേത്തുടർന്ന് ഒരുവേള സജീവമല്ലായിരുന്ന ജി സുധാകരൻ, ജില്ലയ്ക്ക് പുറത്ത് പോലും പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്തു.

എന്നാൽ നടപടി, പരസ്യ ശാസനയിലേക്കെത്തിയത് ജി സുധാകരനും അനുകൂലികൾക്കും വലിയ തിരിച്ചടിയായി. ആലപ്പുഴ സിപിഎമ്മിലെ സുധാകര യുഗത്തിന് തിരശ്ശീല വീണെന്ന് പുതിയ നേതൃനിര പറയുന്നു. എന്നാൽ ലോക്കൽ സമ്മേളനങ്ങൾ കടന്ന് ഏരിയ സമ്മേളനങ്ങളിലേക്ക് എത്തുമ്പോൾ, പുതിയ നേതൃനിരയെ ഒതുക്കുമെന്ന് സുധാകര പക്ഷ നേതാക്കൾ അവകാശപ്പെടുന്നു. 
ജി സുധാകരന്‍റെ ജനകീയ അടിത്തറയാണ് ആത്മവിശ്വാസത്തിന് കാരണം. ഇരുപക്ഷവും ശക്തമായി രംഗത്തിറങ്ങിയാൽ ജില്ലയിൽ സമ്മേളനകാലം വിഭാഗീയതയിൽ മുങ്ങും. അതേസമയം , ജി സുധാകരനെതിരായ പാർട്ടി നടപടിയിൽ വലിയ ചർച്ചയാണ് നവമാധ്യമങ്ങളിൽ നടക്കുന്നത്. പരസ്യ ശാസന വേണ്ടിയിരുന്നില്ല എന്ന് ചിലർ പറയുമ്പോൾ നടപടി കുറഞ്ഞുപോയി എന്ന് വാദിക്കുന്നവരുമുണ്ട്. ജി സുധാകരനെതിരെ പാർട്ടി നേതൃത്വത്തിന് മുന്നിൽ എണ്ണമറ്റ പരാതികൾ നൽകിയ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ജി വേണുഗോപാൽ, പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ദൃശ്യമാണ് പാർട്ടി നടപടിക്ക് പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയിൽ ജി സുധാകരനെ പരസ്യമായി ശാസിക്കുമ്പോൾ നേതാവിന്‍റെ മുഖം നോക്കില്ല നടപടിയെടുക്കാനെന്ന് വീണ്ടും പറയാതെ പറയുകയാണ് സിപിഎം. സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച രീതിയിലല്ല ജി സുധാകരൻ പ്രവർത്തിച്ചതെന്നാണ് പാർട്ടി കണ്ടെത്തൽ. തെറ്റ് ചെയ്തിട്ടില്ലെന്ന് സംസ്ഥാനകമ്മിറ്റിയിലും സുധാകരൻ ആവർത്തിച്ചു. എന്നാൽ നടപടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ജി സുധാകരൻ തയ്യാറായതുമില്ല. പക്ഷേ എകെജി സെന്‍ററിന്‍റെ പടവുകൾ ഇറങ്ങുമ്പോൾ ജി സുധാകരന്‍റെ ശരീരഭാഷയിൽ ആ പ്രതിഷേധം ശബ്ദിച്ചിരുന്നു. 

വിജയിച്ച മണ്ഡ‍ലമായ അമ്പലപ്പുഴയിൽ എച്ച് സലാം ഉന്നയിച്ച പരാതികൾ ശരിയാണെന്ന് പാർട്ടി കമ്മീഷനും കണ്ടെത്തിയതോടെയാണ് സുധാകരനെതിരായ നടപടി. എളമരം കരീമും, കെ ജെ തോമസും ഉൾപ്പെട്ട അന്വേഷണ കമ്മീഷൻ സെപ്റ്റംബറിലാണ് റിപ്പോർട്ട് സെക്രട്ടറിയേറ്റിൽ സമർപ്പിച്ചത്. സമ്മേളന കാലമായിട്ടും ഇളവ് നൽകാതെ നേതൃത്വം സംസ്ഥാനകമ്മിറ്റിയിൽ ഇന്ന് റിപ്പോർട്ട് ചർച്ചക്ക് വച്ചു. സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ തക്ക രീതിയിൽ പ്രവർത്തിച്ചില്ല, സഹായ സഹകരണങ്ങൾ നൽകിയില്ല തുടങ്ങിയ കണ്ടെത്തലുകൾ കുറ്റപത്രമായി നിരന്നു. ഈ റിപ്പോർട്ട് സംസ്ഥാനകമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. 

വിവാദങ്ങൾക്ക് ശേഷം സംസ്ഥാനക്കമ്മിറ്റിയിൽ പങ്കെടുക്കാതെ വിട്ടുനിന്ന സുധാകരൻ ഇടവേളക്ക് ശേഷം ശനിയാഴ്ചയാണ് എകെജി സെന്‍ററിൽ എത്തിയത്. സുധാകരനെ സഹകരിപ്പിക്കുന്നതിൽ എച്ച് സലാമിനും വീഴ്ച പറ്റിയെന്ന് പാർട്ടി കണ്ടെത്തിയിരുന്നു. എന്നാൽ  നടപടി ഏകപക്ഷീയമായതും സുധാകരന് ക്ഷീണമായി.

സംസ്ഥാനക്കമ്മിറ്റിക്ക് ശേഷം ക്ലിഫ് ഹൗസിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായും ജി. സുധാകരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. 

click me!