Latest Videos

Mullaperiyar‌ ‌| മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി; പെരിയാര്‍ തീരത്ത് ആശങ്ക

By Web TeamFirst Published Nov 7, 2021, 6:34 AM IST
Highlights

പേടികൂടാതെ ജീവിക്കണമെങ്കിൽ പുതിയ ഡാം വേണമെന്നാണ് പെരിയാർ തീരത്തുള്ളവർ പറയുന്നത്. ഡിസംബറിൽ കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.

ലോവര്‍ പെരിയാര്‍: മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുള്ള തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പെരിയാർ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പുതിയ ഡാം നിർമ്മിക്കുന്നതിന് തമിഴ്നാടിനു മേൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം.

ബേബി ഡാമിന്‍റെ ബലപ്പെടുത്തൽ പൂർത്തിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം. ജലനിരപ്പ് 136 അടിയിലെത്തുമ്പോൾ തന്നെ പെരിയാർ തീരത്തെ ആളുകൾ ആശങ്കയിലാകും. ഓരോ തവണ ഷട്ടർ തുറക്കുമ്പോഴും സാധനങ്ങൾ കെട്ടിപ്പെറുക്കി ക്യാമ്പലേക്ക് മാറാൻ തയ്യാറെടുക്കണം. പുതിയ ഡാം വേണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും നടപടികൾ ഒന്നും പുരോഗമിക്കുന്നില്ല. 

പേടികൂടാതെ ജീവിക്കണമെങ്കിൽ പുതിയ ഡാം വേണമെന്നാണ് പെരിയാർ തീരത്തുള്ളവർ പറയുന്നത്. ഡിസംബറിൽ കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മന്ത്രി ദുരൈമുരുകൻറെ പ്രസ്താവന പ്രതീക്ഷ ഇല്ലാതാക്കി.

ജലനിരപ്പ് 142 അടിയിൽ എത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നതു സംബന്ധിച്ച് തമിഴ്നാട്ടിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രതിഷേധം തണുപ്പിക്കാൻ ബേബിഡാം ബലപ്പെടുത്തൽ ജോലികൾ തുടങ്ങാനുള്ള നടപടികൾ തമിഴ്നാട് വേഗത്തിലാക്കിയേക്കും.

അതേ സമയം മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതിയെ ചൊല്ലി വിവാദം ശക്തമാകുന്നു. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. താൻ അറിയാതെയാണ് പിസിസിഎഫ് അനുമതി നൽകിയതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

സംഭവം അറിഞ്ഞില്ലെന്ന് ജവവിഭവ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. ബേബി ഡാം ബലപ്പെട്ടാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂട്ടണമെന്ന ആവശ്യം തമിഴ്നാട് ശക്തമാക്കും. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ്നാട് ജലവിഭവമന്ത്രി ദുരൈമുരുകൻ ജലനിരപ്പ് 152 അടിയാക്കാൻ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു. 

click me!