ലോക് ഡൗണിലും പുത്തൻ കാറിൽ ചീറിപ്പാഞ്ഞു, പൊലീസ് തടഞ്ഞിട്ടും നിന്നില്ല, കല്ലെറിഞ്ഞും കെട്ടിയിട്ടും നാട്ടുകാര്‍

By Web TeamFirst Published Mar 30, 2020, 9:51 PM IST
Highlights

തളിപ്പറമ്പിൽ നിന്നും മാലൂർ വരെ പലയിടങ്ങളിലായി പൊലീസ് തടഞ്ഞിട്ടും റിയാസ് കാർ നിർത്തിയില്ല. നൂറ്മീറ്ററിലധികം വേഗത്തിൽ ചീറിപ്പാഞ്ഞെന്നാണ് നാട്ടുകാര്‍ പറയുന്നത്

കണ്ണൂര്‍: ലോക് ഡൗണിനിടെ പൊലീസ് തടഞ്ഞിട്ടും നിർത്താതെ പുത്തൻ കാറിൽ അമിതവേഗത്തിൽ ചീറിപ്പാഞ്ഞയാളെ നാട്ടുകാർ പിടികൂടി കൈകാലുകൾ കെട്ടി പൊലീസിൽ ഏൽപ്പിച്ചു. കണ്ണൂർ മാലൂർ സ്വദേശി റിയാസിനെയാണ് നാട്ടുകാര്‍ പിടിച്ച് പൊലീസിലേല്‍പ്പിച്ചത്. നാട്ടുകാരൂടെ കല്ലേറിൽ കാറിന്‍റെ ചില്ലുകളടക്കം തകർന്നിട്ടുണ്ട്.

തളിപ്പറമ്പിൽ നിന്നും മാലൂർ വരെ പലയിടങ്ങളിലായി പൊലീസ് തടഞ്ഞിട്ടും റിയാസ് കാർ നിർത്തിയില്ല. നൂറ്മീറ്ററിലധികം വേഗത്തിൽ ചീറിപ്പാഞ്ഞെന്നാണ് നാട്ടുകാര്‍ പറയുന്നത്. മട്ടന്നൂരിലു ഇരിക്കൂറുമെല്ലാം ആളുകളുമായി വഴക്കുണ്ടാക്കിയെന്നും ആരോപണമുണ്ട്. ഒടുവിൽ പിന്തുടർന്നെത്തിയ നാട്ടുകാർ മാലൂരിൽ വച്ച് വാഹനങ്ങൾ കുറുകെയിട്ട് റിയാസിന്‍റെ കാർ തടഞ്ഞു നിർത്തി. മാലൂർ പൊലീസ് എത്തിയപ്പോള്‍ റിയാസിനെ കൈകാലുകള്‍ കെട്ടിയിട്ട നിലയിലാണ് കണ്ടത്. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അതിനിടെ കാറിന്‍റെ ചില്ലുകളക്കം നാട്ടുകാർ തകർത്തിരുന്നു. തളിപ്പറമ്പിൽ സുഹൃത്തിനെ കാണാൻ പോയി മടങ്ങുകയായിരുന്നുവെന്നാണ് റിയാസ് പൊലീസിനോട് പറഞ്ഞത്. ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിനും അമിതവേഗതയിൽ കാറോടിച്ചതിനുമാണ് കേസെടുത്തത്. നാട്ടുകാർക്കെതിരെ കേസെടുത്തിട്ടില്ല. റിയാസിനെതിരെ മറ്റ് കേസുകളില്ലെന്ന് തളിപ്പറമ്പ് പൊലീസ് അറിയിച്ചു. അതേസമയം റിയാസിനെ അക്രമിച്ചതിനും കെട്ടിയിട്ടതിനുമെതിരെ വിമര്‍ശനവും ശക്തമാണ്.

click me!