ഉമ്മൻചാണ്ടിക്കെതിരെയുള്ള പ്രസ്താവന പിൻവലിച്ച് ഗണേഷ് മാപ്പ് പറയണമെന്ന് വിഡി സതീശൻ. ഗണേഷിന്‍റെ ഭാഷ ഭീഷണിയുടേതാണെന്നും സോളാർ കമ്മീഷന് മുന്നിൽ ഹാജരാക്കിയ സരിതയുടെ കത്തിൽ 4 പേജ് കൂട്ടിച്ചേർത്ത ഗൂഢാലോചന ആരുടേതാണെന്ന് എല്ലാവർക്കുമറിയാമെന്ന് കെസി ജോസഫ്.
തിരുവനന്തപുരം: ഉമ്മൻചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയിൽ ഗണേഷിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കൾ. പ്രസ്താവന പിൻവലിച്ച് ഗണേഷ് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ഗണേഷിന്‍റെ ഭാഷ ഭീഷണിയുടേതാണെന്നും സോളാർ കമ്മീഷന് മുന്നിൽ ഹാജരാക്കിയ സരിതയുടെ കത്തിൽ 4 പേജ് കൂട്ടിച്ചേർത്ത ഗൂഢാലോചന ആരുടേതാണെന്ന് എല്ലാവർക്കുമറിയാമെന്നും കെസി ജോസഫും പ്രതികരിച്ചു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ ചൂടൻ ചർച്ചയ്ക്ക് വിഷയമായ സോളാർ, ചാണ്ടി ഉമ്മന്‍റെ പത്തനാംപുരം പ്രസംഗത്തോടെ വീണ്ടും സജീവമാകുകയാണ്. ഉമ്മൻചാണ്ടിയെ കുടുക്കിയത് ഗണേഷ് എന്നായിരുന്നു ചാണ്ടിയുടെ ആരോപണം. പറഞ്ഞകാര്യത്തിൽ ചാണ്ടി ഉമ്മൻ ഉറച്ച് നിൽക്കുകയും ഗണേഷ് ഉമ്മൻചാണ്ടിക്കെതിരെ വിമർശനം തുടരുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാക്കൾ ഇടപെടുന്നത്. ഉമ്മൻചാണ്ടി ആരുടെയും കുടുംബം തകർത്തില്ലെന്നും ഗണേഷിന്‍റെ കുടുംബ പ്രശ്നം തീർക്കാനാണ് ഉമ്മൻചാണ്ടി ഇടപെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഓലപ്പാമ്പ് കാണിച്ച് ഗണേഷ് പേടിപ്പിക്കേണ്ടെന്നും സരിത സോളാർ കമ്മീഷന് മുന്നിൽ ഹാജരാക്കിയ കത്തിൽ 4 പേജ് കൂട്ടിയ ഗൂഢാലോചനയക്ക് പിറകിൽ ആരാണെന്ന് എല്ലാവർക്കുമറിയാമെന്നും കെസി ജോസഫ് തുറന്നടിച്ചു. ചോദ്യങ്ങളോട് പ്രതികരിക്കാതെ കെപിസിസി പ്രസിഡൻ്റും ഉമ്മൻചാണ്ടി ഇപ്പോഴില്ലെന്നും കൂടുതൽ പ്രതികരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു. മരിച്ചിട്ടും ഉമ്മൻചാണ്ടിയെ വേട്ടയാടാൻ വന്നാൽ വിട്ടുകൊടുക്കാതെ മറുപടി നൽകാനാണ് കോൺഗ്രസ് തീരുമാനം. ഇക്കാര്യത്തിൽ ഗണേഷ് എന്ത് പ്രതികരിക്കുമെന്ന് നോക്കിയാകും കോൺഗ്രസിൻ്റെ തുടർപ്രതികരണം.
ഉമ്മൻചാണ്ടി തന്‍റെ കുടുംബത്തെ സ്നേഹിച്ച പോലെയാണ് ഗണേഷിൻ്റെ കുടുംബത്തെയും സ്നേഹിച്ചതെന്നും ഗണേഷ് തന്‍റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നുമുള്ള ചാണ്ടി ഉമ്മന്‍റെ പത്തനാപുരം പ്രസംഗത്തിന് പിന്നാലെയാണ് ഗണേഷ് -ചാണ്ടി ഉമ്മൻ പോര് തുടങ്ങിയത്.
ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തിലും തനിക്കെതിരായ വിമർശനത്തിലും ഗണേഷ് കുമാറിന് മറുപടിയുമായി ചാണ്ടി ഉമ്മൻ എംഎൽഎ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സത്യം കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു പരാമർശവും നടത്താൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ ഞാൻ പറഞ്ഞതെല്ലാം സത്യമാണ്. അത് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുന്ന കാര്യമാണ്. ആരോപണ പ്രത്യാരോപണങ്ങൾക്കില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
തന്‍റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന ഗണേഷിന്‍റെ ആരോപണത്തിലും ചാണ്ടി ഉമ്മൻ മറുപടി നൽകി. അദ്ദേഹം അക്കാര്യം സ്വന്തം മനസാക്ഷിയോട് ചോദിക്കട്ടെ എന്നായിരുന്നു പ്രതികരണം. പൊതുസമൂഹത്തിൽ ഇക്കാര്യത്തിൽ മറുപടി പറഞ്ഞില്ലെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിച്ചിട്ട് ആ പരാമർശം തെറ്റായിരുന്നോ എന്ന് ചിന്തിക്കട്ടെയെന്നും ചാണ്ടി ഉമ്മൻ വിവരിച്ചു. മരിച്ചുപോയ പിതാവിനെ വിവാദത്തിലേക്ക് കൊണ്ടുപോകാൻ താത്പര്യവുമില്ല. ഗണേഷ് കുമാറിനെ പോലുള്ള ഒരാളിൽ നിന്ന് പ്രതീക്ഷ കാര്യമല്ല ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ സംഭവിച്ചതെന്നത് മാത്രമാണ് താൻ പറഞ്ഞതെന്നും വ്യക്തിപരമായി ഒരു അധിക്ഷേപവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു.



