
കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ (Kerala Governor Arif Muhammad Khan) സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ (Hameed Faizy ambalakkadavu) വര്‍ഗീയ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (BJP State president K Surendran). ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ഫൈസി നടത്തിയ പരാമര്‍ശം മത സാഹോദര്യം തകര്‍ക്കുന്നതാണ്. കേരളത്തിലെ മതേതരത്വത്തിന്റെ ഏറ്റവും പ്രധാന മാതൃകയായ ശബരിമലയെ വര്‍ഗീയമായി കാണുന്നത് ദുഷ്ടലാക്കോടെയാണ്.
ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ നീചമായ ആക്രമണങ്ങളാണ് മതമൗലികവാദികള്‍ക്കും പ്രചോദനമാവുന്നത്. ഭരണഘടനാ പദവിയായ ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണ്. തങ്ങളുടെ അഴിമതിയെ ചോദ്യം ചെയ്താല്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കുമെന്നാണ് സിപിഎം സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ ഖജനാവ് കൊള്ളയടിക്കുന്നത് ഗവര്‍ണര്‍ എതിര്‍ത്തതാണ് പിണറായി വിജയന്റെ പ്രകോപനത്തിന് കാരണം. ഭരണപക്ഷത്തിന്റെ ഏറാമൂലികളായ പ്രതിപക്ഷവും ഭരണഘടനാ വിരുദ്ധ നീക്കത്തിനെ പിന്തുണയ്ക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സർക്കാർ ശത്രുവല്ല; കുടുംബത്തിലെ മുതിർന്നയാൾ അംഗങ്ങളോട് അഭിപ്രായം പറയുന്നതിൽ തെറ്റെന്ത്? ഗവർണർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ എന്റേതാണ്. കുടുംബത്തിലെ തലവൻ അംഗങ്ങളോട് ഒരു കാര്യം ശരിയല്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? അവർക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ടെന്നും ഗവർണർ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്
'എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ താൻ മാനിക്കുന്നു. എനിക്കെന്റെ കാഴ്ചപ്പാടുണ്ട്. എല്ലാവർക്കും ഒരേ അഭിപ്രായമാണെങ്കിൽ ജനാധിപത്യം എങ്ങിനെയാണ് മുന്നോട്ട് പോവുക? അവർക്ക് (സിപിഎമ്മിന്) അവരുടെ കാഴ്ചപ്പാടുണ്ടാകും. എനിക്ക് എന്റെ കാഴ്ചപ്പാടുണ്ട്. സംസ്ഥാനത്ത് 30 വർഷത്തിലേറെ ജോലി ചെയ്യുന്ന ജീവനക്കാരോട് പെൻഷനിലേക്ക് തങ്ങളുടെ വിഹിതം അടയ്ക്കാൻ ആവശ്യപ്പെടുന്നു. സർവകലാശാലകളിലെ ജീവനക്കാരോട് പോലും പങ്കാളിത്ത പെൻഷൻ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ ഇവിടെയൊരു പ്രിവിലേജ്ഡ് ക്ലാസുണ്ട്. അവർക്ക് രണ്ട് വർഷം പ്രവർത്തിച്ചാൽ പെൻഷൻ കിട്ടും. രണ്ട് വർഷത്തിന് ശേഷം അവർ പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകരാവും. അവർക്ക് പെൻഷനായി സർക്കാരിൽ നിന്ന് പണം ലഭിക്കും. പൊളിറ്റിക്കൽ പാർട്ടി കേഡറിന് സർക്കാർ പണം നൽകേണ്ട യാതൊരു കാര്യവുമില്ല' - ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
'പക്ഷെ ഞാൻ എല്ലാവരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബഹുമാനിക്കുന്നു. സർക്കാർ എന്റെ സർക്കാരാണ്. താനവരെ ശത്രുവായി കാണുന്നില്ല. കുടുംബത്തിലെ തലവൻ അംഗങ്ങളോട് ഇത് ശരിയല്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? അവരെന്റെ ശത്രുവല്ല. അവർക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ട്.'
'പ്രതിപക്ഷ നേതാവിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് ഉപദേശം നൽകുകയായിരുന്നു. ആരെയെങ്കിലും അപമാനിക്കാനും അധിക്ഷേപിക്കാനും അദ്ദേഹം ശ്രമിക്കുമ്പോൾ രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും കൂടെയാണ് അപമാനിക്കുന്നത്. അവരോട് ബഹുമാനം സൂക്ഷിക്കൂ, എങ്കിൽ അദ്ദേഹത്തിനും ഉയർന്ന ബഹുമാനം തിരികെ ലഭിക്കും. അവരെ ബഹുമാനിക്കാൻ അദ്ദേഹത്തിന് സാധിക്കില്ലെങ്കിൽ അദ്ദേഹത്തെ സഹായിക്കാൻ എനിക്കും സാധിക്കില്ല. നിങ്ങളേക്കാൾ മുതിർന്നവരെ ബഹുമാനിക്കൂവെന്ന് മാത്രമാണ് അദ്ദേഹത്തോട് പറഞ്ഞത്' - എന്നും ഗവർണർ പറഞ്ഞു.