
തിരുവനന്തപുരം: സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഇക്കാര്യത്തിൽ റാങ്ക് വ്യത്യാസമില്ലാതെ നടപടി ഉണ്ടാകുമെന്നാണ് ചൊവ്വാഴ്ച ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി വ്യക്തമാക്കിയത്. കളങ്കിതരായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ സമയബന്ധിതമായി നടപടി വേണം. ഇക്കാര്യത്തിൽ ഡിഐജിമാരും എസ്.പിമാരും വീഴ്ച വരുത്താതെ നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവി നിർദേശിച്ചു. എല്ലാ ആഴ്ചയിലും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം എസ്.പി വിളിക്കണം.
സാമ്പത്തിക തട്ടിപ്പുകാരുടെ സ്വത്തുകണ്ടെത്താൻ എസ്.എച്ച്.ഒമാർക്ക് അധികാരം നൽകുന്ന ബഡ്സ് നിയമം കേരളത്തിൽ ഫലപ്രദമായ നടപ്പാക്കുന്നില്ല. സാമ്പത്തിക തട്ടിപ്പുകൾ കൂടുന്ന സാഹചര്യത്തിൽ ബഡ്സ് നിയമം നടപ്പാക്കുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ബഡ്സ് നിയമം ഫലപ്രദമായി നടപ്പാക്കി ഇരകൾക്ക് നഷട്പരിഹാരം ലഭ്യമാക്കാൻ എസ്.എച്ച്.ഒമാർ ശ്രമിക്കണമെന്ന് യോഗത്തിൽ ഡിജിപി ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായികളുമായി സഹകരിച്ച് സംസ്ഥാനത്ത് പരമാവധി സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ശ്രമിക്കണമെന്നും ഡിജിപി നിർദേശിച്ചു.
ഇന്നത്തെ യോഗത്തിൽ ഓരോ ജില്ലയിലും നടത്തിയ ഗുണ്ടാ വിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച് ജില്ലാ പൊലിസ് മേധാവിമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗുണ്ടകളെ കുറിച്ച് വിവര ശേഖരണത്തിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകൾ വീഴ്ചവരുത്തുന്നുണ്ടെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ശാക്തീകരണത്തെ കുറിച്ച് ഇൻറലിജൻസ് എഡിജിപി യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സാമ്പത്തിക തട്ടിപ്പുകാരുടെ സ്വത്തു കണ്ടെത്താനുള്ള കേന്ദ്രനിയമം നടപ്പാക്കാനുള്ള സമഗ്രമായ ചർച്ചയും യോഗത്തിലുണ്ടാകും.
ഗുണ്ടകളെ അമർച്ച ചെയ്യാൻ സംസ്ഥാന വ്യാപകമായ ഓപ്പറേഷൻ ആഗ് നടപ്പാക്കിയെങ്കിലും പല ഗുണ്ടാനേതാക്കളും പിടിയിലായിട്ടില്ല. പൊലിസിലെ ക്രമിനലുകൾക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടി തുടങ്ങിയെങ്കിലും പൊലിസ് സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്ന് തുടക്കത്തിൽ കൈകൊണ്ട ആവേശം ഇപ്പോൾ പൊലിസ് ആസ്ഥാനത്തിനുമില്ല. നിലവിലെടുത്ത വകുപ്പുതല നടപടികളെ ചോദ്യം ചെയ്ത് ചില ഉദ്യോഗസ്ഥർ കോടതി സമീപിച്ചിട്ടുണ്ട്. ഇതിൽ എന്തുണ്ടാകുമെന്നറിഞ്ഞാകും മുന്നോട്ടുള്ള നടപടികളെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മൂന്നുമാസത്തിലൊരിക്കൽ ഡിജിപി വിളിക്കുന്ന യോഗമാണ് ഇന്നത്തേതെങ്കിലും ഇപ്രാവശ്യത്തെ അജണ്ടകൾ കൊണ്ടാണ് ഇന്നത്തെ യോഗം ശ്രദ്ധിക്കപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam