
തിരുവനന്തപുരം: നടിയുടെ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നൽകി നടനും എംഎൽഎയുമായ മുകേഷ്. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മുകേഷ് മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് പറയുന്നത്. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെയാണ് മുകേഷ് വിശദീകരണം നൽകിയത്. രാജിയ്ക്കായി പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നൽകിയത്.
അതേസമയം, മുകേഷിന്റെ രാജിയാവശ്യത്തിൽ സിപിഎമ്മിൽ ചർച്ചകൾ സജീവമാവുകയാണ്. നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മുകേഷ് എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടും രാജിയാവശ്യം അംഗീകരിക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ പ്രതികരിച്ചത്. സമാനമായ പരാതിയില്‍ നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലലോയെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷിന്‍റെ രാജിയാവശ്യം ഇപി ജയരാജൻ തള്ളിയത്. മുകേഷിനെതിരെ കേസെടുത്തത് ധാര്‍മികമായ നിലപാടാണെന്നും ഇപി ജയരാജൻ പറഞ്ഞു. സംസ്ഥാന സർക്കാർ സ്ത്രീ സംരക്ഷണത്തിനു സ്വീകരിച്ചത് ചരിത്ര നടപടിയാണ്. മുഖം നോക്കാതെയാണ് ശക്തമായ നടപടിയെടുത്തത്. പൊലീസ് നടപടിയും സ്വീകരിച്ചുവരുകയാണ്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും ചരിത്രപരമായ നടപടിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആരോടും മമത ഇല്ല. പ്രത്യേക സംരക്ഷണം നല്‍കില്ല. തെറ്റിന് ശിക്ഷ ഉണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമാന പരാതിയില്‍ രാജിവെച്ചില്ല. എല്ലാം കാത്തിരുന്ന് കാണാമെന്നും ഇപി ജയരാജൻ പ്രതികരിച്ചു. അതേസമയം, കേസെടുത്തശേഷം മുകേഷ് മാധ്യമങ്ങളോട് പ്രതികരിക്കുമെന്നാണ് വിവരം. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം പ്രതികരിക്കുമെന്ന് മുകേഷ് സുഹൃത്തുക്കളെ അറിയിച്ചു.തിരുവനന്തപുരത്തെ വീട്ടിൽ തന്നെ മുകേഷ് ഉണ്ടെന്നും സുഹൃത്തുക്കൾ അറിയിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊല്ലത്തെ മുകേഷിൻ്റെ എംഎൽഎ ഓഫീസിന് മുന്നിലും പട്ടത്താനത്തെ വീടിന് സമീപവും പൊലീസ് സുരക്ഷ ശക്തമാക്കി.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam