
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നടൻ ധർമജനും ഉണ്ടെന്ന് സൂചന. ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജനെ പരിഗണിക്കുന്നതായാണ് വിവരം. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് ധർമജൻ മണ്ഡലത്തിൽ സജീവമായി. പാർട്ടി പറഞ്ഞാൽ എവിടെയും മൽസരിക്കാൻ തയ്യാറാണെന്ന് ധർമജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതു സംബന്ധിച്ച ഔദ്യോഗിക ചർച്ച നടന്നില്ലെന്നും ധർമജൻ പറഞ്ഞു.
ബാലുശ്ശേരിയിൽ ധർമജൻ മൽസരിക്കുമെന്നതാണ് ഇപ്പോൾ ജില്ലയിലെ തെരഞ്ഞെടുപ്പ് രംഗത്തെ സജീവ ചർച്ച. ബാലുശ്ശേരിയിൽ ധർമജൻ വന്നാൽ ജില്ലയിലാകെ തെരഞ്ഞെടുപ്പ് രംഗത്ത് പുത്തനുണർവുണ്ടാകുമെന്ന് യുഡിഎഫ് നേതൃത്വവും വിലയിരുത്തുന്നു. കഴിഞ്ഞ ഒരാഴ്ചയായി ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ പൊതു പരിപാടികളിൽ ധർമജൻ സജീവമാണ്.
യുഡിഎഫിൽ സ്ഥിരമായി മുസ്ലീം ലീഗ് മൽസരിക്കുന്ന മണ്ഡലമാണ് ബാലുശ്ശേരി. ധർമജൻ വരികയാണെങ്കിൽ മണ്ഡലം വച്ചു മാറാൻ മുസ്ലീം ലീഗ് തയ്യാറാകും.
പട്ടികജാതി സംവരണ മണ്ഡലമായ ബാലുശ്ശേരിയെ 2011 മുതൽ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത് സിപിഎമ്മിലെ പുരുഷൻ കടലുണ്ടിയാണ്. ഇത്തവണ പുരുഷൻ കടലുണ്ടിക്ക് പകരം സിപിഎമ്മിലെ പുതുമുഖങ്ങൾ രംഗത്തിറങ്ങുമെന്നാണ് സൂചന. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവിനാകും സാധ്യതാ പട്ടികയിൽ പ്രഥമ പരിഗണന. പൊതു സമ്മതനായ സ്ഥാനാർത്ഥിയെ കൊണ്ട് വന്നാലെ മണ്ഡലത്തിൽ മികച്ച മൽസരം കാഴ്ച വെക്കാനാകൂ എന്ന യുഡിഎഫിലെ വിലയിരുത്തലാണ് ധർമജനെ രംഗത്തിറക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത്.
Read Also: 'ചെങ്കോട്ടയിൽ കൊടി ഉയർത്തിയത് കർഷക രോഷത്തിന്റെ പ്രതീകമായി'; ദീപ് സിദ്ദുവിന്റെ പുതിയ വീഡിയോ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam