നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങൾക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് പിൻമാറി നടൻ ദിലീപ്; പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ക്ഷേത്രഭാരവാഹികൾ

Published : Dec 15, 2025, 08:41 AM IST
actor dileep

Synopsis

ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നടൻ ദിലീപ് പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ഭാരവാഹികൾ പറയുന്നു. നാളെയായിരുന്നു പരിപാടി നടക്കാനിരുന്നത്. എന്നാൽ ദിലീപിൻ്റെ പിൻമാറ്റത്തിന് കാരണമെന്ന് വ്യക്തമല്ല.  

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങൾക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപ് പിന്മാറിയത്. ഇക്കാര്യം ക്ഷേത്ര ഭാരവാഹികളാണ് അറിയിച്ചത്. നാളെയാണ് ക്ഷേത്രത്തിൽ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ ദിലീപിൻ്റെ പിന്മാറ്റത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകൾ ദിലീപിനെതിരെ എതിർപ്പ് ഉയർത്തിയെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ ആക്രമിക്കപ്പെട്ട നടിയും മുൻ ഭാര്യ മഞ്ജുവാര്യറും ഇന്നലെ രം​ഗത്തെത്തിയിരുന്നു. വിധിയിൽ അദ്ഭുതമില്ലെന്ന് അതിജീവിതയും നീതി ലഭിച്ചില്ലെന്ന് മഞ്ജുവാര്യറും പ്രതികരിച്ചിരുന്നു. ഇരുവരുടേയും പരസ്യപ്രതികരണത്തിന് പൊതു സമൂഹത്തിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് നടി മഞ്ജു വാര്യർ

നടിയെ ആക്രമിച്ച കേസിൽ ​ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് നടി മഞ്ജു വാര്യർ രം​ഗത്ത്. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ പുറത്തുണ്ടന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂവെന്നും മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്കെതിരെ അതിജീവിതയും ശക്തമായി ആഞ്ഞടിച്ചിരുന്നു. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി. ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും അതിജീവിതയുടെ കുറിപ്പിൽ പറയുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ പ്രതികരണവും ഉണ്ടായിരിക്കുന്നത്.

മഞ്ജുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്ത‌വർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മരിച്ചാൽ കുഴിച്ചിടാൻ വരേണ്ട, വീട്ടിൽ കൊടി കെട്ടാൻ വരേണ്ട'; എസ്എൻഡിപിയുടെ പേരിൽ ആരും വീട്ടിൽ കയറരുതെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകൻ
പത്തനംതിട്ട വിട്ടുപോകരുതെന്ന് രാഹുലിന് നിർദേശം നൽകി അന്വേഷണ സംഘം; ഹൈക്കോടതി തീരുമാനത്തിന് ശേഷം ചോദ്യം ചെയ്യൽ