
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സത്യം പുറത്തുവരട്ടെയെന്ന് നടൻ ജയറാം. അയ്യപ്പന്റെ സമ്മാനം ആയി കരുതിയാണ് പൂജയിൽ പങ്കെടുത്തതെന്നും വർഷങ്ങൾക്ക് ശേഷം പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും ജയറാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അയ്യപ്പന്റെ ഒരു രൂപ എങ്കിലും എടുത്താൽ ശിക്ഷാ കിട്ടും. അയ്യപ്പൻ എല്ലാം കാണുന്നുണ്ടെന്ന് അറിയണം. ഉണ്ണികൃഷ്ണൻ പോറ്റി തന്നോട് ഒരു രൂപ പോലും ചോദിച്ചിട്ടില്ല. അയ്യപ്പന്റെ സമ്മാനം ആയി കരുതിയാണ് അന്ന് പൂജയിൽ പങ്കെടുത്തത്. വർഷങ്ങൾക്ക് ശേഷം പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ച് ദേവസ്വം ബോർഡ്. സ്മാർട്ട് ക്രിയേഷൻസുമായി പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം ബോർഡ് ഉപേക്ഷിച്ചു. ഇനി സ്വന്തം നിലയിൽ നേരിട്ട് ഇടപാടുകൾ നടത്തുമെന്നാണ് തീരുമാനം. 2019ൽ ചെന്നൈയിൽ സ്വർണം പൂശിയ ശേഷം പോറ്റിയുടെ പേരിലാണ് സ്മാർട്ട് ക്രിയേഷൻസ് വാറന്റി എഴുതിയത്. 40 വർഷത്തേക്കായിരുന്നു വാറന്റി. ഇത് ഉപേക്ഷിക്കുന്നതിലൂടെ 18 ലക്ഷം രൂപയുടെ നഷ്ടമാണ് ബോർഡിന് വരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പ് പുറത്ത് വന്നതോടെയാണ് വാറന്റി ഉപേക്ഷിക്കാൻ ബോർഡ് തീരുമാനമെടുത്തത്.