
ദില്ലി: ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ വിദേശ രാജ്യങ്ങളിലെ പരിശീലകര്‍ക്ക് ദില്ലിയിൽ തെരുവ് നായ്കളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ദില്ലി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ് സംഭവം. കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാൻസോ, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു എന്നിവർക്കാണ് കടിയേറ്റത്. ഇരുവരെയും ഉടൻതന്നെ സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ച് ചികത്സ നൽകി.
104 രാജ്യങ്ങളിൽ നിന്നായി 1200 അത്‌ലറ്റുകൾ പങ്കെടുക്കുന്ന ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ആദ്യമായാണ് ഇന്ത്യ വേദിയാകുന്നത്. 2030 ലെ കോമൺവെൽത്ത് ഗെയിംസിനും, 2036 ഒളിംപിക്സ്നും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കിടെയാണ് താരങ്ങളുടെ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്ന ഈ സംഭവം.