ക്ഷണിച്ചില്ല, വേദിയിൽ ഇരുത്തിയില്ല: ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ

Published : Jun 26, 2023, 10:30 PM ISTUpdated : Jun 26, 2023, 11:20 PM IST
ക്ഷണിച്ചില്ല, വേദിയിൽ ഇരുത്തിയില്ല: ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ

Synopsis

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ ഫോണിൽ പോലും തന്നെ ബന്ധപ്പെട്ടില്ലെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത വിശാൽ ജനസഭ പരിപാടിയിൽ വേദിയിൽ ഇരിപ്പിടം നൽകിയില്ല, പരിപാടിയിലേക്ക് ക്ഷണിച്ചില്ല എന്നിവയാണ് നടന്റെ അതൃപ്തിക്ക് കാരണം. ബിജെപി ദേശീയ കൗൺസിൽ അംഗമാണ് കൃഷ്ണകുമാർ. എന്നാൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ ഫോണിൽ പോലും തന്നെ ബന്ധപ്പെട്ടില്ലെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തിയിട്ടുണ്ട്. 

'കഴിഞ്ഞ ദിവസം പ്രകാശ് ജാവ്ദേക്കർ വിളിച്ചിരുന്നു. ഈ സമയത്ത് തന്നോട് പരിപാടിക്ക് പോകുന്നില്ലേയെന്ന് ചോദിച്ചിരുന്നു. ഏത് പരിപാടിയെന്ന് ചോദിച്ചപ്പോൾ അദ്ദേഹമാണ് ദേശീയ അധ്യക്ഷൻ പങ്കെടുക്കുന്ന പരിപാടിയെ കുറിച്ച് പറഞ്ഞത്. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് താൻ അവിടെ പോയത്. സംസ്ഥാന അധ്യക്ഷനൊക്കെ തിരക്കുള്ള നേതാക്കളാണ്. അവർക്കൊക്കെ ദിവസവും നിരവധി ഫോൺകോളുകൾ വരുന്നതാണ്. ആരെയും വിളിച്ച് പരാതി പറഞ്ഞിട്ടില്ല. ആരും ഇതത്ര വലിയ പ്രശ്നമായി കണ്ടുകാണില്ല. എന്റെ ഫോൺ എപ്പോഴും ഫ്രീയാണ്. ആർക്ക് വേണമെങ്കിലും തന്നെ വിളിക്കാവുന്നതേയുള്ളൂ' - കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിശാൽ ജനസഭയാണ് ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ഇടുങ്ങിയ ദേശീയപാതകൾ നരേന്ദ്ര മോദി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്ന് ജെപി നദ്ദ പറഞ്ഞു. മോദി സർക്കാർ രാജ്യത്ത് 54000 കിലോ മീറ്റർ ദൂരം ദേശീയ പാത നിർമ്മിച്ചു. കേരളത്തിലെ നാലുവരി പാതകൾ ആറുവരിയാക്കി. മോദി സർക്കാർ കേരളത്തിന് വേണ്ടി ചെയ്യുന്നതെല്ലാം ഇടത് സർക്കാർ മറച്ചുവെക്കുകയാണെന്നും നദ്ദ ആരോപിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായാണ് ജെപി നദ്ദ കേരളം സന്ദർശിച്ചത്. മോദി സർക്കാറിൻറെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ചുള്ള വിശാല ജനസഭാ സമ്മേളനമാണ് ഇന്ന് നടന്നത്. ജില്ലയിലെ മുഴുവൻ ബൂത്ത് ഭാരവാഹികളെയും പങ്കെടുപ്പിച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്. ലോക്സ ഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാനത്ത് വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. സംസ്ഥാന നേതാക്കളുടെ യോഗത്തിലും നദ്ദ പങ്കെടുത്തിരുന്നു. സമീപകാലത്ത് പാർട്ടിയിൽ നിന്ന് ചലച്ചിത്ര രംഗത്തെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായതിന് പിന്നാലെ നടന്ന വലിയ പരിപാടിയിലാണ് ദേശീയ കൗൺസിൽ അംഗം കൂടിയായ നടനെ മാറ്റി നിർത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ
ചിത്രപ്രിയയെ കൊലപ്പെടുത്തിയത് എന്തിന്? അലൻ പൊലീസിന് നൽകിയ കുറ്റസമ്മത മൊഴി; 'ഫോണിൽ മറ്റൊരു ആൺസുഹൃത്തിനൊപ്പം ഫോട്ടോ കണ്ടു'