
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി നാല് ദിവസമായിട്ടും നടന്‍ സിദ്ദിഖിനെ കണ്ടെത്താനാകാതെ പൊലീസ്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിഫലമായി. നടന്‍റേയും സുഹൃത്തുക്കളുടേയും വീടുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം, മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഹർജി കഴിഞ്ഞ ദിവസം കോടതി രജിസ്റ്റർ ചെയ്തിരുന്നു.
സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യ ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കള്ള സാക്ഷിയെ അതിജീവിത സൃഷ്ടിച്ചു എന്നാണ് സിദ്ദിഖ് ആരോപിക്കുന്നത്. മാസ്ക്കറ്റ് ഹോട്ടലിൽ തൻ്റെ മുറിയിലേക്ക് എത്തിച്ച ആൾ എന്ന നിലയിലാണ് കള്ള സാക്ഷിയെ സൃഷ്ടിച്ചിരിക്കുന്നത്.
നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ താൻ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് അതിജീവിത പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാരും ഹൈകോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയില്‍ വാദിക്കുന്നു.
സുപ്രീംകോടതിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിദ്ദിഖ്. അതുവരെ ഒളിവില്‍ തുടരാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന സൂചന. അതിനുള്ളില്‍ പിടികൊടുത്താല്‍ മാസങ്ങള്‍ റിമാന്‍ഡില്‍ കഴിയേണ്ടിവരുമെന്ന ആശങ്കയുണ്ട് നടന്. തിങ്കളാഴ്ച വരെ പൊലീസ് കാത്തിരിക്കുമോ അതോ കൂടുതല്‍ പഴികേള്‍ക്കാന്‍ ഇടവരുത്താതെ അറസ്റ്റ് നടക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam