കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് നൽകാനെന്ന പേരിൽ നൽകിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്‍റെ മൊഴിയെടുത്തത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയപ്പോൾ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത വരുത്താൻ കൂടിയായിരുന്നു ചോദ്യം ചെയ്യൽ.
ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. പ്രോസിക്യൂഷൻ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തിൽ കൂറുമാറിയിരുന്നു. ദിലീപിന്‍റെ സഹോദരീഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ഇന്നലെയാണ് ഇരുവരെയും ചോദ്യം ചെയ്തത്.
ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൾസർ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടന്‍റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു. നേരത്തേ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദിവസം 'ആക്രമിക്കപ്പെട്ട നടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ', എന്ന് ചോദിച്ച് സിദ്ദിഖ് പരിഹസിച്ചത് വലിയ വിവാദമായിരുന്നു.
Read More: 'വിധി എതിരായാൽ മേൽക്കോടതിയിൽ പോണം, ജഡ്ജിയെ മാറ്റാൻ പറയരുത്', അതിജീവിതക്ക് എതിരെ സിദ്ദിഖ്
ദിലീപിന്‍റെ മറ്റൊരു അടുത്ത സുഹൃത്താണ് ഇന്നലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലി. നടി ആക്രമിക്കപ്പെട്ട ദിവസം താൻ അൻവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് ദിലീപിന്‍റെ വാദം. അന്ന് ദിലീപ് ചികിത്സയിലായിരുന്നില്ല എന്ന് ആദ്യം അന്വേഷണസംഘത്തിന് മൊഴി നൽകിയ ഡോ. ഹൈദരാലി പിന്നീട് വിചാരണാഘട്ടത്തിൽ കൂറുമാറുകയായിരുന്നു. ഹൈദരാലിയോട് മൊഴി മാറ്റിപ്പറയണമെന്ന് ദിലീപിന്‍റെ മൂത്ത സഹോദരിയുടെ ഭർത്താവ് സുരാജ് ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നിരുന്നതാണ്. എന്നാൽ താൻ മൊഴി മാറ്റിയിട്ടില്ലെന്നാണ് ഡോ. ഹൈദരാലി പിന്നീട് പല മാധ്യമങ്ങളോടായി പറയുന്നത്. വിചാരണാഘട്ടത്തിൽ മാത്രമല്ല, കേസിന്‍റെ അന്വേഷണഘട്ടത്തിലും താൻ ദിലീപ് തന്‍റെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു തരത്തിലും താൻ മൊഴി മാറ്റിപ്പറഞ്ഞിട്ടില്ലെന്നും ഡോ. ഹൈദരാലി പറയുന്നു.
ദിലീപിന്‍റെ സഹോദരിയുടെ ഭര്‍ത്താവ് സുരാജുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ മൊഴി മാറ്റാന്‍ സുരാജ് തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡോ. ഹൈദരലി വ്യക്തമാക്കുന്നു. 2018-ലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആശുപത്രിയിലെ രേഖകള്‍ നശിച്ച് പോയിരുന്നു. അതിന് ശേഷമാണ് നടിയെ ആക്രമിച്ച കേസില്‍ വിസ്തരിക്കുന്നതിന് വേണ്ടി തന്നെ വിളിപ്പിച്ചത് എന്ന് ഡോ. ഹൈദരലി പറയുന്നു.
ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റ് ആയ തീയതി താൻ മറന്ന് പോയിരുന്നു. അക്കാര്യം സുരാജിനെ അറിയിച്ചു. സുരാജ് വക്കീലിനെ കാണാന്‍ സൗകര്യമൊരുക്കിയെന്നും വക്കീലുമായി സംസാരിച്ചിരുന്നുവെന്നും ഡോ. ഹൈദരലി വെളിപ്പെടുത്തിയിരുന്നു. സുരാജും ഡോ. ഹൈദരലിയും തമ്മില്‍ സംസാരിക്കുന്നതെന്ന് പറയുന്ന ഓഡിയോ ക്ലിപ്പില്‍ സുരാജ് പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന ഡോക്ടറെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സംഭാഷണമാണ് ഉളളത്.
അതേസമയം, നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്‍റെ ഹർജിയും കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യം ചോർത്തിയെങ്കിൽ അത് അത് ആരാണെന്ന് അറിയണം എന്ന് അതിജീവിത ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ലെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ദൃശ്യങ്ങൾ ചോർന്നുവെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചിരുന്നു. മെമ്മറി കാർഡ് തുറന്നു പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഹർജിയിൽ കക്ഷി ചേർന് ദിലീപും കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം വേണമെന്നാണ് നടിയുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam