
പയ്യന്നൂർ: രക്തസാക്ഷി സിവി ധനരാജ് കുടുംബ സഹായ ഫണ്ട് തട്ടിപ്പ് വിവാദം അവസാനിക്കുന്നില്ല. രക്തസാക്ഷി ഫണ്ടിന്റെ കണക്ക് ബോധ്യപ്പെടുത്തണമെന്ന് പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടു. കരിവെള്ളൂർ നോർത്ത് ലോക്കൽ ജനറൽ ബോഡിയിലാണ് പാർട്ടി അംഗങ്ങൾ ആവശ്യം ഉന്നയിച്ചത്. പാർട്ടിക്ക് പണം നഷ്ടപ്പെട്ടില്ലെങ്കിൽ ഫണ്ടിന്റെ കണക്ക് ബ്രാഞ്ചുകളിൽ അവതരിപ്പിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. കണക്ക് പുതുതായി തയ്യാറാക്കി ബ്രാഞ്ചുകളിൽ അവതരിപ്പാക്കാനാണ് സിപിഎം നേതൃത്വത്തിന്റെ നീക്കം. ഇത്തരത്തിൽ പുറത്തുവിടുന്നത് യഥാർത്ഥ കണക്കല്ലെങ്കിൽ ഫണ്ട് തട്ടിപ്പിന്റെ രേഖകൾ പുറത്തുവിടാൻ ഒരുങ്ങുകയാണ് പരാതി ഉന്നയിച്ചവർ.
പയ്യന്നൂരിൽ മൂന്ന് ഫണ്ടുകളിലായി ഒരുകോടിയോളം നഷ്ടമായി എന്ന് തെളിവ് സഹിതമുള്ള പരാതി ജില്ലാ കമ്മറ്റിയിൽ ഉന്നയിച്ചത് ഏരിയ നേതൃത്വമാണ്. കെട്ടിട നിർമ്മാണ ഫണ്ടിലേയും തെരഞ്ഞെടുപ്പ് ഫണ്ടിലേയും ക്രമക്കേട് സംബന്ധിച്ച് പാർട്ടി അന്വേഷണവും നടന്നു. കോടിയേരിയുടെ സാന്നിധ്യത്തിൽ മൂന്ന് തവണ ജില്ലാ നേതൃയോഗം ചേർന്നെങ്കിലും എംഎൽഎ ആരോപണവിധേയനായി നിൽക്കുന്ന സാഹചര്യത്തിൽ തിടുക്കപ്പെട്ട് നടപടിയിലേക്ക് നീങ്ങാൻ പാർട്ടി തയ്യാറായില്ല. വിഷയം ഒതുക്കി തീർക്കാൻ ജില്ലയിൽ നിന്നുള്ള ചില കേന്ദ്ര കമ്മറ്റി അംഗങ്ങളും സജീവമായി ഇറങ്ങി.
എന്നാൽ പയ്യന്നൂരിൽ നിന്നുള്ള ജില്ലാ കമ്മറ്റി അംഗങ്ങൾ വി നാരായണനും മുൻ എംഎൽഎ സി കൃഷ്ണനും യുവ നേതാവ് അഡ്വക്കേറ്റ് പി സന്തോഷും കർശന നിലപാടെടുത്തു. ഇതോടെയാണ് പേരിനെങ്കിലും നടപടി വേണമെന്ന സ്ഥിതി വന്നത്. മറുഭാഗത്തെ തൃപ്തിപ്പെടുത്താൻ ക്രമക്കേട് പുറത്തു കൊണ്ടുവന്ന ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷണനെയും മറ്റിക്കൊണ്ടുള്ള ഫോർമുല പക്ഷെ പ്രശ്നത്തെ കൂടുതൽ വഷളാക്കി.
കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ പ്രവർത്തനം നിർത്തുകയും അണികൾ പരസ്യമായി ചോദ്യങ്ങളുന്നയിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ പാർട്ടിയെ കുഴക്കുന്നത്. വരുന്ന ഞായറാഴ്ച പയ്യന്നൂരിലെ നടപടി സംസ്ഥാന കമ്മറ്റിയിൽ കോടിയേരി റിപ്പോർട്ട് ചെയ്യും. എംഎഎൽഎയ്ക്കെതിരെ പയ്യന്നൂരിലെ മൂന്ന് ജില്ലാകമ്മറ്റി അംഗങ്ങൾ വിഭാഗീയ പ്രവർത്തനം നടത്തി എന്ന് മധുസൂധനനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. എന്നാൽ തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടി കുറഞ്ഞു എന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം. സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരിലെ അണികളെ തൃപ്തിപ്പെടുത്താൻ ഇനി എന്ത് ചെയ്യാനാകും എന്നാണ് ഈ ഘട്ടത്തിൽ സംസ്ഥാന നേതൃത്വം തലപുകയ്ക്കുന്നത്. എംഎൽഎയാണ് ഫണ്ട് തിരിമറി ആരോപണം നേരിടുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നുമുണ്ട്.