
പത്തനംതിട്ട: ശബരിമലയിൽ മണിക്കൂറുകൾ നീളുന്ന നിരയില്ലാതെ സന്നിധാനത്ത് ഭക്തർക്ക് സുഗമ ദർശനം. തിക്കും തിരക്കും ഇല്ലാത്ത തീർത്ഥാടനത്തിൽ ഭക്തർ പൂർണ തൃപ്തി പങ്കുവച്ചു.
"അയ്യപ്പന്‍റെ ക്ഷേത്രമല്ലേ. കാനന പാതയൊക്കെ താണ്ടി വരുന്നതല്ലേ. കുറച്ച് ക്യൂ നിന്നാലും കുഴപ്പമൊന്നുമില്ല. നമ്മൾ വേറെ അമ്പലത്തിൽ പോകുന്നതു പോലെയല്ല ഇവിടെ വരുന്നത്. നല്ല പോസിറ്റീവ് ആണ്. സുഗമമായി അയ്യപ്പനെ ദർശിക്കാൻ പറ്റി"- നടൻ ഉണ്ണിരാജ് പറഞ്ഞു.
തീര്‍ത്ഥാടകര്‍ സര്‍ക്കാരും പൊലീസും നല്‍കുന്ന നിർദേശങ്ങള്‍ പാലിക്കണമെന്ന് ഉണ്ണിരാജ് പറഞ്ഞു. സന്നിധാനത്ത് ഡ്യൂട്ടി കഴിഞ്ഞ് വെറും നിലത്ത് കിടന്ന് വിശ്രമിക്കുന്ന പൊലീസുകാരെ കണ്ടു. തീര്‍ത്ഥാടകര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കി ഒപ്പം നില്‍ക്കുന്ന അവരാണ് ഹീറോസ് എന്നും ഉണ്ണിരാജ് കൂട്ടിച്ചേര്‍ത്തു.
നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് തീർത്ഥടകരെ കടത്തി വിട്ടത് ക്രമമായി മാത്രമാണ്. നടപ്പന്തലിൽ പോലും അധികം നിൽക്കേണ്ടി വന്നില്ലെന്ന് തീർത്ഥാടകർ പറയുന്നു. ഇന്നലെ 86,747 പേരാണ് സന്നിധാനത്ത് ദർശനം നടത്തിയത്. എൻ.ഡി.ആർ.എഫിന് പിന്നാലെ ശബരിമലയിൽ കേന്ദ്രസേന ആർഎഎഫും ചുമതലയേറ്റു. 140 അംഗ സംഘമാണ് സന്നിധാനത്ത് പ്രവർത്തനം തുടങ്ങിയത്. 13 മേഖലകളായി തിരിച്ച് അവർ സേവനം ആരംഭിച്ചു.