
തിരുവനന്തപുരം: കുഴിമന്തിയെ ചൊല്ലി നവമാധ്യമങ്ങളില്‍ പുതിയ വിവാദം. നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചൊല്ലിയാണ് വിവാദം. 'ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാല്‍ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കുമെന്ന് ശ്രീരാമന്റെ പോസ്റ്റില്‍ പറയുന്നു. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നാണ് വികെ ശ്രീരാമന്‍ പറയുന്നത്. ഈ കുറിപ്പിനെ പിന്തുണച്ച് ഇടതു ചിന്തകൻ സുനില്‍ പി ഇളയിടവും രംഗത്തെത്തി.
വികെ ശ്രീരാമന്‍റെ കുറിപ്പിനെതിരെ സാംസ്‌കാരിക ലോകത്തും സോഷ്യൽ മീഡിയയിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ശ്രീരാമന്‍റെ കുറിപ്പിന് ഇമോജിയിലൂടെ പിന്തുണ അറിയിക്കുകയാണ് സുനില്‍ പി ഇളയിടം ചെയ്തത്. എന്നാല്‍ കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് പോസ്റ്റിനു താഴെ എഴുത്തുകാരിയായ എസ് ശാരദകുട്ടിയുടെ പ്രതികരണം.
വലിയ വിമര്‍ശനമാണ് ഈ പ്രതികരണങ്ങള്‍ക്കതിരെ സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. തികഞ്ഞ ബ്രാഹ്മണ ബോധമാണ് ഇത്തരം ചിന്തയ്ക്ക് പിന്നിലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.'തനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ നിരോധിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ബുദ്ധിജീവികളും' എന്നാണ് പോസ്റ്റിന് മറുപടിയായി വന്ന ഒരു കമന്‍റ്.
വാക്കുകളെ പുറന്തള്ളാനുള്ള ശ്രമം ജനാധിപത്യം എന്ന സങ്കല്‍പ്പത്തിന് തന്നെ വെല്ലുവിളിയാണെന്നാണ് കവിയും അധ്യാപകനുമായ വി. അബ്ദുൽ ലത്തീഫ് ഫേസ്ബുക്കില്‍ കുറിച്ചത്. സാംസ്കാരികവൈവിധ്യങ്ങളോടെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുന്ന ഒന്നുകൂടിയാണ് ജനാധിപത്യം. വൃത്തിയില്ലെന്നു കരുതുന്നതൊക്കെ സംസ്കാരത്തിലേക്കു കണ്ണിചേരുന്നതുകൊണുമ്പോൾ ചിലർക്ക് സങ്കടംവരും. അതാണ് വി.കെ.ശ്രീരാമന്റെ കുഴിമന്തിവിലാപത്തിലും കാണുന്നത്- വി. അബ്ദുൽ ലത്തീഫ് പറയുന്നു.
വികെ ശ്രീരാമന്റെ പോസ്റ്റ് -
ഒരു ദിവസത്തേക്ക്
എന്നെ കേരളത്തിന്റെ
ഏകാധിപതിയായി
അവരോധിച്ചാല്‍
ഞാന്‍ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര്
എഴുതുന്നതും
പറയുന്നതും
പ്രദര്‍ശിപ്പിക്കുന്നതും
നിരോധിക്കുക
എന്നതായിരിക്കും.
മലയാള ഭാഷയെ
മാലിന്യത്തില്‍ നിന്ന്
മോചിപ്പിക്കാനുള്ള
നടപടിയായിരിക്കും
അത്.
പറയരുത്
കേള്‍ക്കരുത്
കാണരുത്
കുഴി മന്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam