ഞായാറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടി: എതിർപ്പറിയിച്ച് മാർത്തോമ സഭയും, സർക്കാർ പ്രതിരോധത്തിൽ

By Web TeamFirst Published Oct 1, 2022, 11:14 AM IST
Highlights

കെസിബിസിക്ക് പിന്നാലെ മാർത്തോമ സഭയും പ്രതിഷേധവുമായി രംഗത്തെത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത നേരത്തെ തന്നെ ഇടഞ്ഞു നിൽക്കുകയാണ്

പത്തനംതിട്ട: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച (നാളെ) സർക്കാർ സ്കൂളുകളിൽ നിശ്ചയിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ എതിർപ്പുമായി മാർത്തോമ സഭയും രംഗത്ത്. വിശ്വാസികൾ ഞായറാഴ്ച വിശുദ്ധ ദിനമായാണ് കണക്കാക്കുന്നത്. ലഹരിവിരുദ്ധ പരിപാടിക്കായി ‌ഞായറാഴ്ച തന്നെ തെരഞ്ഞെടുത്തത് വേദനാജനകമാണ്. ഇത് കണക്കിലെടുത്ത് നാളത്തെ (ഞായറാഴ്ചയിലെ) ലഹരി വിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്ന് സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനെ പൂർണമായി പിന്തുണയ്ക്കുന്നെന്നും മാർത്തോമാ സഭ വ്യക്തമാക്കി. നേരത്തെ കെസിബിസിയും സർക്കാർ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്‍റെ  ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്‌ച വിശ്വാസപരമായ കാര്യങ്ങൾക്ക് നീക്കിവയ്ക്കണം.  ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി  മറ്റൊരു ദിവസം ആചരിക്കണമെന്നാവശ്യപ്പെട്ടാണ് കെസിബിസി ഈ നിർദേശം തള്ളിയത്. ഒക്ടോബർ 2ന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്നും കെസിബിസി വ്യക്തമാക്കിയിട്ടുണ്ട്.

കെസിബിസിക്ക് പിന്നാലെ മാർത്തോമ സഭയും പ്രതിഷേധവുമായി രംഗത്തെത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത നേരത്തെ തന്നെ ഇടഞ്ഞു നിൽക്കുന്നതിനിടെ കൂടുതൽ ക്രൈസ്തവ സംഘടനകൾ സർക്കാരിനെതിരാകുകയാണ്. അതേസമയം ഒക്ടോബർ 2 മുതൽ നവംബർ 1 വരെ തീവ്ര ലഹരിവിരുദ്ധ ക്യാമ്പയിനിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പങ്കെടുക്കണണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും പരിപാടികൾ നടത്തുന്നതിന് നടപടി ഉണ്ടാകണമെന്നും മന്ത്രി നിർദേശിച്ചിരുന്നു. ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. പരമാവധി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഗാന്ധിജയന്തി ദിനത്തിൽ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
 

click me!