
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Assault Case) നാലാം പ്രതി വിജീഷിന് (vijeesh) ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ മാത്രമാണ് ഇനി ജയിലിൽ കഴിയുന്നത്. അതേസമയം, പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്ഥതയിട്ടുള്ള ലക്ഷ്യയിലെ മുൻ ജീവനക്കാരനും ആയ സാഗർ വിൻസന്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
വിചാരണ അനന്തമായി നീണ്ടുപോകുന്ന കേസിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹർജിയിൽ വിജീഷ് വാദിച്ചത്. കേസിൽ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ പൾസർ സുനിയോടൊപ്പം അത്താണി മുതൽ വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
അതേസമയം, പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും ലക്ഷ്യയിലെ മുൻ ജീവനക്കാരനും ആയ സാഗർ വിൻസന്റ് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കള്ള തെളിവുകൾ ഉണ്ടാക്കാൻ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് സാഗർ വിൻസന്റ് ഹർജി നല്‍കിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം സംഘം നൽകിയ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. ആലപ്പുഴ സ്വദേശിയാണ് സാഗർ വിൻസന്റ്. എന്നാൽ ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിൾ ബഞ്ചാണ് വിധി പറയുക.
'ഗൂഢാലോചനയിലെ പ്രധാന തെളിവ്';ദിലീപിന്‍റെ സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം
നടിയെ ആക്രമിച്ച കേസിലെ തൊണ്ടിമുതലായി ദിലീപിന്‍റെ കാർ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം. ദിലീപിന്‍റെ പത്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ജയിലിൽ നിന്ന് ദിലീപിനായി സുനി അയച്ച കത്തിന്‍റെ ഒറിജിനലും അന്വേഷണ സംഘം കണ്ടെത്തി.
സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിന്‍റെ കാർ അന്വേഷണം സംഘം കസ്റ്റഡിയിലെടുത്തത്. 2016 ഡിസംബർ 26ന് താൻ ദിലീപിനെ കാണാൻ പോയപ്പോൾ പൾസർ സുനി ദിലീപിന്‍റെ ആലുവയിലെ പത്മസരോവരം വീട്ടിലുണ്ടായിരുന്നു. വീട്ടിൽ നിന്ന് ദിലീപിന്‍റെ കാറിൽ മടങ്ങുമ്പോൾ സുനിയെ ദിലീപ് തനിക്കൊപ്പം കാറിൽ കയറ്റിവിട്ടു, ദിലീപിന്‍റെ സഹോദരൻ അനൂപും കാറിലുണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി.
2007ൽ ദിലീപ് വാങ്ങിയതാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത ചുവന്ന മാരുതി സ്വിഫ്റ്റ് കാർ. നടിയെ ആക്രമിക്കപ്പെടുന്നതിന് മുമ്പ് തന്നെ മുഖ്യപ്രതി പൾസർ സുനിയുമായി ദിലീപിന് പരിചയം ഉണ്ടെന്നതിനുള്ള തെളിവായിട്ടാണ് കാറിനെ പൊലീസ് കാണുന്നത്. കസ്റ്റഡിയിൽ എടുത്തെങ്കിലും കാർ സ്റ്റേഷനിലേക്ക് മാറ്റാനായിട്ടില്ല. ബ്രേക്ക് ഡൗണായി കിടക്കുന്ന കാർ അടുത്ത ദിവസം കെട്ടിവലിച്ച് കൊണ്ടുപോകാനുള്ള നീക്കത്തിലാണ് പൊലീസ്.
അതിനിടെ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സഹതടവുകാരൻ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിൾ പൊലീസ് ശേഖരിച്ചു. ജയിലിൽ എത്തിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിച്ചത്. ഈ സാംപിളിന്‍റെ ഫോറൻസിക് പരിശോധന നടത്തുമെന്ന് അന്വേഷണം സംഘം അറിയിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപാണെന്ന് ആരോപിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സുനിയുടെ അമ്മ കത്തിന്റെ പകർപ്പ് പുറത്ത് വിട്ടിരുന്നു. 2018 മെയ് 7 നായിരുന്നു സുനി ജയിലിൽ നിന്ന് കത്ത് എഴുതിയത്. എന്നാൽ കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല എന്നാണ് അവകാശവാദം. ദിലീപിന്റെ അഭിഭാഷകൻ സജിത്തിൽ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചു നൽകുകയും ചെയ്തുവെന്നും ആരോപണമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam