
കൊച്ചി: വിചാരണ കോടതിയുടെ രൂക്ഷ വിമര്‍ശനത്തിൽ മറുപടിയുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടിബി മിനി. കോടതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ടിബി മിനിയുടെ മറുപടി. കോടതി ഒരു കാര്യവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്ന് അഡ്വ. ടിബി മിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കിടെ ഹാജരായത് പത്തു ദിവസം മാത്രമാണെന്ന കോടതി വിമര്‍ശനം നുണയാണെന്നും കോടതി എന്തിനാണ് ഇങ്ങനെ കളവ് പറയുന്നതെന്ന് അറിയില്ലെന്നും ടിബി മിനി പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ വാദത്തിനിടെ പരമാവധി എല്ലാ ദിവസങ്ങളിലും കോടതിയിൽ പോയിട്ടുണ്ട്.
സീനിയർ അഭിഭാഷകർ സാധാരണ വിചാരണ കോടതിയിൽ ഹാജരാകാറില്ല. അതിജീവിതയ്ക്ക് വേണ്ടി ഫീസ് പോലും വാങ്ങാതെയാണ് ഹാജരായത്. എന്തിനാണ് കോടതി തന്നെ വ്യക്കിപരമായി ആക്രമിക്കുന്നത്? മെമ്മറി കാര്‍ഡ് ചോര്‍ന്നത് താൻ കാരണമാണ് ലോകം അറിഞ്ഞത്. ദിലീപിന്‍റെ ആളുകള്‍ ആക്രമിച്ചതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കോടതി നടത്തുന്നതെന്നും അഡ്വ. ടിബി മിനി കുറ്റപ്പെടുത്തി. പൊതുപരിപാടികളിലടക്കം കേസുമായി ബന്ധപ്പെട്ട് കോടതിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും ടിബി മിനി പറഞ്ഞു.
കോടതികള്‍ക്ക് എന്തും പറയാം. ഞങ്ങള്‍ വക്കീലന്മാര്‍ക്ക് അങ്ങനെ എല്ലാം പറയാൻ പറ്റില്ല. അതിജീവിതയുടെ കേസിൽ എന്താണ് താൻ ചെയ്തതെന്ന് ആര്‍ക്കും അറിയില്ല. മുതിര്‍ന്ന അഭിഭാഷകര്‍ ആരും ഇരകളുടെ അഭിഭാഷകരായി വിചാരണ കോടതിയിൽ പോകില്ല. വക്കാലത്ത് ഏറ്റെടുത്താലും ജുനീയേഴ്സായിരിക്കും പോവുക. എന്നിട്ടും എല്ലാദിവസവും താൻ തന്നെയാണ് പോയിരുന്നത്. അവിടെ മുഴുവൻ നേരം ഇരിക്കുമ്പോഴും ഒന്നും പറയാൻ പോലും അവസരം ലഭിക്കില്ല. പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചാലും ഒന്നും അവിടെ വെച്ച് പറയാൻ അവസരമില്ല. എന്തിനാണ് കോടതി കളവ് പറയുന്നതെന്ന് അറിയില്ല. എട്ടാം തീയതി മുതൽ എയറിൽ നിൽക്കുന്നയൊരാളാണ് ഞാൻ. ജഡ്ജിയുടെ സീറ്റിലിരുന്ന് പറയാൻപാടില്ലാത്ത കാര്യമാണ് ഇപ്പോള്‍ ജഡ്ജി പറഞ്ഞത്. കോടതിക്കെതിരെ സംസാരിക്കാനാണെങ്കിൽ ധാരളമുണ്ട്. അപ്പീൽ നൽകിയശേഷം സംസാരിക്കുമെന്നും ടിബി മിനി പറഞ്ഞു.
വിചാരണ സമയത്ത് അഭിഭാഷക കോടതിയിൽ വന്നത് പത്ത് ദിവസത്തിൽ താഴെയാണെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നുമായിരുന്നു അഡ്വ. ടിബി മിനിക്കെതിരായ വിചാരണ കോടതിയുടെ വിമര്‍ശനം. കോടതിയിൽ ഉണ്ടാകുമ്പോൾ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമർശിക്കുന്നതെന്നും കോടതി വിമർശിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിയുടെ വിമർശനം. ഇന്ന് കോടതിയിൽ ടിബി മിനി ഹാജരായിരുന്നില്ല. ഇന്ന് ടിബി മിനി എത്തിയിട്ടില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. വിശ്രമിക്കാനോ കോടതിയിൽ വരുന്നതെന്നും ഇങ്ങനെയോക്കെ ചെയ്തശേഷമാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും വിചാരണ കോടതി വിമര്‍ശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam