നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി

Published : Dec 07, 2025, 01:11 PM IST
Woman in Cinema collective effect

Synopsis

നടി അക്രമിക്കപ്പെട്ട കേസില്‍ നാളെ വിധി വരാനിരിക്കുകയാണ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. നടൻ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ നാളെ വിധി വരാനിരിക്കുകയാണ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. നടൻ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. നിലവില്‍ രഹസ്യ വിചാരണയിലെ കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് ആദ്യമായി സിനിമ മേഖലയിലെ ഒരു സ്ത്രീകൂട്ടായ്മ രൂപപ്പെടുന്നതിന് വഴി തുറന്ന ഒരു കേസ് കൂടിയാണ നടിയെ ആക്രമിച്ച കേസ്. സിനിമയിലെ സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥ പൊതുചർച്ചയിലെത്തിച്ചതിന്‍റെ പതാകവാഹകരായി വുമൺ ഇൻ സിനിമ കളക്ടിവ് മാറി. സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചതും സെറ്റുകളിൽ പോഷ് ആക്ട് നടപ്പാക്കിയതും ഡബ്ല്യൂസിസിയുടെ പോരാട്ട ഫലമായിരുന്നു. എന്നാൽ സിനിമ മേഖലയിൽ നിന്നുള്ള തിരസ്കാരങ്ങളിൽ വഴുതി തുടങ്ങിയതോടെ പ്രത്യക്ഷ പ്രതികരണങ്ങളിലെ മൂർച്ച ഡബ്ലൂസിസി കുറച്ചതും പിന്നീട് വ്യക്തമായിരുന്നു.

സിനിമയിലെ സ്ത്രീകളെ ആരാധനയോടെയും അത്ഭുതത്തോടെയുമാണ് പ്രേക്ഷകർ നോക്കിക്കണ്ടിരുന്നത്. എന്നാൽ നടിയെ ആക്രമിച്ച കേസിന് ശേഷമുള്ള തുറന്ന് പറച്ചിലുകളിൽ മലയാള സിനിമ ലോകം പൊള്ളി. നടിയെ ആക്രിച്ച കേസിൽ ഗൂഢാലോചന ആരോപണം ഉയർന്നതിന് പിന്നാലെയാണ് സ്ത്രീക്കൂട്ടായ്മയുടെ ആദ്യ രൂപം പിറവിയെടുത്തത്. തൊഴിലെടുക്കാൻ ഒരു സ്ത്രീ സ്വന്തം വീട്ടിൽ നിന്നും കൊച്ചി നഗരത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കുറ്റകൃത്യം ഒരു വ്യക്തിയിലും ഒരു സംഭവത്തിലും ഒരേ രീതികളിലും ഒതുങ്ങുന്നതല്ലെന്ന് അന്യോന്യം പങ്ക് വെച്ച അനുഭവങ്ങളിൽ നിന്ന് സിമിമയിലെ സ്ത്രീകൾ തിരിച്ചറിഞ്ഞു. അങ്ങനെയാണ് തൊഴിലിടമായ ഷൂട്ടിംഗ് സെറ്റുകളിലടക്കം സ്ത്രീ എന്ന നിലയിൽ നേരിടുന്ന പ്രശ്നങ്ങൾ സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞ് അവർ പരിഹാരവഴികൾ തേടിയത്. നടിയെ ആക്രമിച്ച സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം 2017 മെയ് മാസത്തിലാണ് ആ കൂടിക്കാഴ്ച നടന്നത്. മഞ്ജുവാര്യർ, ബീന പോൾ, ദീദി ദാമോദരൻ, പാർവ്വതി തിരുവോത്ത്, വിധു വിൻസെന്റ്, റിമ കല്ലിങ്കൽ, സജിത മഠത്തിൽ എന്നിവരായിരുന്നു നേതൃനിരയിൽ.

തൊട്ടടുത്ത മാസം ഈ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ ജസ്റ്റിസ് ഹേമയെ അധ്യക്ഷയാക്കി മൂന്നംഗ കമ്മിറ്റിക്ക് സംസ്ഥാന സർക്കാർ രൂപം നൽകി. നടൻ ദിലീപ് കൂടി നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെ സമൂഹത്തിലെ സ്ത്രീ സംഘടനകൾക്കൊപ്പം നിന്ന് അവൾക്കൊപ്പം ക്യാംപെയ്ൻ സജീവമാക്കി. ഈ പരിശ്രമങ്ങൾ വുമൺ ഇൻ സിനിമ കളക്ടീവിന് രൂപവും ഭാവവുമായി. 2018 ൽ കൊച്ചി പ്രസ് ക്ലബ്ബിൽ എത്തിയ ഡബ്ലൂസിസി അംഗങ്ങൾ അവരുടെ നയവും പ്രഖ്യാപനങ്ങളും തുറന്ന് പറഞ്ഞു. ലോക വ്യാപകമായി ഉയർന്ന മീ ടു പോരാട്ടങ്ങളുടെ പ്രതിഫലനം മലയാളത്തിലും കണ്ട സമയമായിരുന്നു അത്. ദുരനുഭവം അതിജീവിച്ചവർക്കൊപ്പമെന്ന് ഡബ്ലൂസിസി നിലപാട് വ്യക്തമാക്കി. സംഘടിത രൂപമായതോടെ പലരും സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ ശബ്ദം ഉയർത്താൻ കരുത്തരായി. മറുപക്ഷം ഡബ്ലൂസിസിക്ക് നേരെ കല്ലേറും തുടങ്ങി. കസബ സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗിനെതിരെ പാർവ്വതി തിരുവോത്തിന്‍റെ വിമർശനമാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. എന്നാൽ ഇക്കാര്യം ചർച്ചയായതോടെ സിനിമയിൽ സ്ത്രീകളെ അധിക്ഷേപിക്കുന്ന എഴുത്തുകൾ പൊതുസമൂഹത്തിലടക്കം ഓഡിറ്റ് ചെയ്യപ്പെട്ട് തുടങ്ങി. സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ചരിത്രത്തിലാദ്യമായി വനിത വിഭാഗത്തിന് തുടക്കമിട്ടു. മലയാള സിനിമ തുടർന്നുള്ള മാസങ്ങളിൽ കണ്ടത് അമ്മ സംഘടന ഡബ്യു സിസി നേർക്ക് നേർ വാദപ്രതിവാദങ്ങളായിരുന്നു.

ജാമ്യം കിട്ടി പുറത്തിറങ്ങിയ ദിലീപ് സംഘടനയിൽ സജീവമാകാൻ ആലോചന തുടങ്ങിയപ്പോൾ ഏഴ് ചോദ്യങ്ങളുമായി ഡബ്ലൂസിസി അംഗങ്ങൾ അമ്മ സംഘടനയെ പ്രതിക്കൂട്ടിൽ നിർത്തി. അമ്മയിലും അംഗങ്ങളായിരുന്ന പാർവ്വതി തിരുവോത്ത്, രേവതി, പദ്മപ്രിയ എന്നിവർ സംഘടനയ്ക്കുള്ളിൽ നിന്ന് ദിലീപിന്റെ തിരിച്ച് വരവിനെ ചോദ്യം ചെയ്തു. അപ്പോഴും ദിലീപിനെ പുറത്താക്കാൻ തയ്യാറാകാതെ പ്രതിക്കൊപ്പവും അതിജീവിതയ്ക്കൊപ്പവും എന്ന പരിഹാസ്യ നിലപാടിലായിരുന്നു അമ്മ സംഘടന. ഒടുവിൽ പൊതുസമൂഹത്തിൽ നിന്നടക്കം സമ്മർദ്ദം ശക്തമായതോടെ ദിലീപ് സ്വയമേ രാജിവച്ചൊഴിഞ്ഞു. അതോടെ അമ്മ സംഘടനയും ഡബ്ലൂസിസിയും എല്ലാ അർത്ഥത്തിലും രണ്ട് തട്ടിലായി. ഇതിനിടയിൽ ഡബ്ലൂസിസി നൽകിയ ഹർജിയാണ് സിനിമ മേഖലയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ തീരുമാനം ഹൈക്കോടതിയിൽ നിന്ന് നേടിയെടുത്തത്. സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലാ ഇടങ്ങളിലും ഉള്ള ആഭ്യന്തര പരാതി പരിഹാര സെൽ, ഷൂട്ടിംഗ് സെറ്റുകളിലും യാഥാർത്ഥ്യമായി. ഫിലിം ചേമ്പറിന്‍റെ നേതൃത്വത്തിൽ സമിതികൾ എല്ലാ സെറ്റുകളിലും നടപ്പിലായി തുടങ്ങി. നിർമ്മാതാക്കളുടെ സംഘടനയിൽ സിനിമാ രജിസ്ട്രേഷനും ഈ സമിതി രൂപീകരണം നിർബന്ധമാക്കേണ്ടി വന്നു.

മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും നയൻതാരയെ അധിക്ഷേപിച്ച നടൻ രാധാ രവിക്കെതിരെ ശബ്ദമുയർത്തി വിശാലക്കൂട്ടായ്മയിലേക്ക് കൈകോർത്ത് പെൺസംഘം. എന്നാൽ അവർക്ക് മുന്നിൽ കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. ചോദ്യം ഉന്നയിച്ച പെൺക്കൂട്ടത്തെ അകറ്റി നിർത്തിയായിരുന്നു മുഖ്യധാര സിനിമ മറുപടി പറഞ്ഞത്. പാർവ്വതിയും, റിമ കല്ലിങ്കലും തുടങ്ങിയവർ സിനിമയുടെ അരികിലേക്ക് മാറ്റിനിർത്തപ്പെട്ടു. സംഘടനയ്ക്കുള്ളിലും അഭിപ്രായങ്ങൾ വ്യത്യസ്തമായി. ആത്മവിമർശനം ഉൾക്കൊള്ളാൻ ഡബ്ലൂസിസിക്കാകട്ടെ എന്ന് ആശംസിച്ച് സംവിധായക വിധു വിൻസെന്റ് പടിയിറങ്ങി. നടിയെ ആക്രമിച്ച കേസിൽ ഒന്നൊന്നായി എത്തിയ വിവാദങ്ങളും മുഖ്യധാര സിനിമയിലെ അവസരങ്ങളും കൂടിയായതോടെ ഡബ്ലൂസിസി സ്ഥാപക അംഗം മഞ്ജു വാര്യരും കൂട്ടായ്മ വിട്ടു. അപ്പോഴും സിനിമ പരിസരങ്ങളിൽ നേരിട്ട വിവേചനവും ദുരനുഭവങ്ങളും കൂടുതൽ കൂടുതൽ സ്ത്രീകൾ തുറന്ന് പറഞ്ഞ് തുടങ്ങി. നിയമനടപടികൾക്കും സ്ത്രീകൾ തയ്യാറായി മുന്നോട്ട് വന്നു. തുറന്ന് പറച്ചിലിന്റെ പേരിലെ അവസരനിഷേധത്തിൽ പരസ്യ പ്രതികരണങ്ങളിൽ ഡബ്ലൂസിസി മിതത്വം പാലിച്ച് തുടങ്ങി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ