
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിചാരണ കോടതി ഇന്ന് പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിക്കും. എന്നാൽ പ്രതികൾ ഏഴര വർഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്. ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാൽ കേസിൽ ദിലീപിനെ വെറുതെ വിട്ട വിധി പകർപ്പും ഇന്നുതന്നെ പുറത്ത് വന്നേക്കും.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ ദിലീപിന് പങ്കില്ലെന്ന് വിചാരണ കോടതി ഉത്തരവിട്ടതിന് പിന്നാലെ അന്വേഷണ സംഘത്തിനെതിരെ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് ദിലീപ്. ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ നേരിട്ടുള്ള തെളിവുകളും സാഹചര്യ തെളിവുകളും എന്തുകൊണ്ട് കോടതി തള്ളിയെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ ആണ് കുറ്റക്കാരെന്ന് തെളിഞ്ഞ ആറ് പ്രതികളുടെയും ശിക്ഷ കോടതി പറയുന്നത്. ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ കോടതി വെറുതെ വിട്ടെങ്കിലും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പേർക്കെതിരെയുമുള്ള കുറ്റം തെളിഞ്ഞു. അതിനാൽ ഈ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കാനുള്ള ശക്തമായ നിലപാട് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
സമൂഹത്തിന് മുഴുവൻ ഭീഷണിയാണ് ഈ പ്രതികളെന്നും ഇവരുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം കൂടി പരിഗണിക്കണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ വി അജകുമാർ ആവശ്യപ്പെടും. ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ അടക്കം ഗുരുതര കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നാണ് ആവശ്യം. എന്നാൽ ശിക്ഷയിൽ പരമാവധി ഇളവു നൽകണമെന്ന് ആവശ്യപ്പെടാനാണ് പ്രതിഭാഗം നീക്കം. ഒന്നാം പ്രതി പൾസർ സുനി ഏഴര വർഷവും രണ്ടാം പ്രതി മാർട്ടിനടക്കമുളളവർ ആറര വർഷവും റിമാൻഡ് കാലാവധിയിൽ തടവിൽക്കഴിഞ്ഞു. അത് കണക്കാക്കി ശിക്ഷ ഇളവ് ചെയ്യണമെന്നാകും ആവശ്യപ്പെടുക.
നടിയെ ബലാൽസംഗം ചെയ്തതിൽ പങ്കില്ലെന്നും അതിന് പിന്തുണ നൽകിയ കുറ്റമാണ് ബലാൽസംഗക്കുറ്റമായി പ്രോസിക്യൂഷൻ വ്യാഖ്യാനിച്ചതെന്നുമാണ് പൾസർ സുനി ഒഴികെയുളള പ്രതികൾ കോടതിയിൽ വാദിക്കുക. കുറ്റക്കാർക്കുളള ശിക്ഷ അവരെക്കൂടി കേട്ട ശേഷമാകും കോടതി പ്രഖ്യാപിക്കുക. ഒരു പക്ഷേ വാദം കേട്ട ശേഷം വിധി പറയാൻ അടുത്ത ദിവസത്തേക്ക് മാറ്റാനും സാധ്യതയുണ്ട്. വിയ്യൂർ ജയിലിൽ തടവിൽ കഴിയുന്ന മുഴുവൻ പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകും. വാദം പൂർത്തിയായി ഇന്ന് തന്നെ ശിക്ഷ പ്രഖ്യാപിച്ചാൽ കേസിലെ വിശദമായ വിധി പകർപ്പും പുറത്ത് വന്നേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam