'3 മാസം കൂടി സമയം വേണം'; നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി ചോദിക്കാന്‍ ക്രൈംബ്രാഞ്ച്

Published : May 27, 2022, 07:56 AM ISTUpdated : May 27, 2022, 08:00 AM IST
'3 മാസം കൂടി സമയം വേണം'; നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി ചോദിക്കാന്‍ ക്രൈംബ്രാഞ്ച്

Synopsis

തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഹൈക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹർജി നൽകുക.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി ചോദിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഹൈക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹർജി നൽകുക.

അതേസമയം, കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞ ദിവസം  സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി  ഭരണ തലത്തിൽ നിന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിതയുടെ ഹർജി. കേസിൽ കുറ്റപത്രം നൽകുന്നത്  തടയണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദം. കൂടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള  നടിയുടെ ഭീതിഅനാവശ്യമാണെന്നുമാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ  കഴിഞ്ഞ ദിവസം കോടതിയെ അറിയIച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുക.

Also Read: നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന വാദം വിചാരണ കോടതി തള്ളി

മുഖ്യമന്ത്രിയെ കണ്ട് അതിജീവിത

കേസിൽ സർക്കാരിന്റെ പിന്തുണ തേടി അതിജീവിത ഇന്നലെ മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ നടി ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. നടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡിജിപിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചുവരുത്തി.

അഞ്ച് വർഷത്തെ പോരാട്ടത്തിൽ ഇത് ആദ്യമായി നേരിട്ടാണ് അതിജീവിത പൊതുമധ്യത്തിലെത്തിയത്. കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് മുഖ്യമന്ത്രിയുമായുള്ള സുപ്രധാന കൂടിക്കാഴ്ച. മൂന്ന് പേജുള്ള നിവേദനം മുഖ്യന്ത്രിക്ക് നടി കൈമാറി. തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസിൽ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം എന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ചോർത്തിയവർക്കെതിരെ നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് മുമ്പിൽ വിതുമ്പിയ നടിയെ മുഖ്യമന്ത്രി ചേർത്തുനിർത്തി. എല്ലാക്കാലത്തും അതിജീവിതയ്ക്കൊപ്പമാണ് സർക്കാരെന്ന് ഉറപ്പ് നൽകി.

Also Read: 'ആരുടെയും വായ അടച്ചുവെക്കാനാവില്ല, കോൺഗ്രസ് പിന്തുണ വ്യാഖ്യാനം'; മുഖ്യമന്ത്രിയിൽ വിശ്വാസമെന്നും അതിജീവിത

അതിജീവിതയ്ക്കൊപ്പമെന്ന് മുഖ്യമന്ത്രി

സർക്കാർ തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം തന്നെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ല. കൈബ്രാഞ്ച് മേധാവിയുടെ മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്നും അതിൽ ആശങ്ക വേണ്ട എന്നും മുഖ്യമന്ത്രി അറിയിച്ചു. കോടതിയെ സമീപിക്കാന്‍ ഇടയായത് സര്‍ക്കാര്‍ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പേരിലല്ലെന്ന് അതിജീവിത പറഞ്ഞുവെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

കേസില്‍ നടന്നിട്ടുള്ള ചില കാര്യങ്ങളില്‍ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തിന് കൂടുതല്‍ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തത്.  കൂടെ നിൽക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അവര്‍ നന്ദി പറഞ്ഞു. അതിജീവതയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അടിയന്തിരമായി സംസ്ഥാന പൊലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെയും ചേംബറില്‍ വിളിച്ചുവരുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ചും കേസന്വേഷണം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കി.

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം