Dileep Case : പ്രതികൾ ഫോൺ ഒളിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം

By Web TeamFirst Published Jan 26, 2022, 11:22 AM IST
Highlights

ഫോണിലെ രേഖകൾ നശിപ്പിക്കാനാണ് സാധ്യത. ഫോണുകൾ അഭിഭാഷകന് കൈമാറിയെന്നാണ് പ്രതികളിൽ ഒരാളുടെ മൊഴി. നാളെ ഇക്കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Assault Case) അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയിൽ കേസില്‍ പ്രതികൾ ഫോൺ ഒളിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് അന്വേഷണ സംഘം. ഫോണിലെ രേഖകൾ നശിപ്പിക്കാനാണ് സാധ്യത. ഫോണുകൾ അഭിഭാഷകന് കൈമാറിയെന്നാണ് പ്രതികളിൽ ഒരാളുടെ മൊഴി. നാളെ ഇക്കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. ദിലീപിനെ (Dileep) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടും.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻപ് ക്രൈം ബ്രാ‌ഞ്ചിന് മുന്നിൽ ഫോണുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ദിലീപ്, സഹോദരൻ അനൂപ്, അപ്പു അടക്കം മൂന്ന് പ്രതികൾക്കാണ് ക്രൈംബ്രാ‌ഞ്ച് നോട്ടീസ് നൽകിയത്. ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ  ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടുവെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ഗൂഢാലോചനയുടെ നിർണ്ണായക തെളിവുകൾ ലഭിക്കുമായിരുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് ക്രൈം ബ്രാ‌ഞ്ച് വിലയിരുത്തൽ.

പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഫോൺ പുതിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികൾ  ചോദ്യം ചെയ്യലിന് ഹാജരായതും പുതിയ ഫോണുകളുമായാണ്. ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലം ഇന്നലെ ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിൻമേൽ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക.

click me!