
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. ക്ലിഫ് ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സർക്കാർ ഉടൻ അപ്പീൽ പോകുമെന്നും മഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതി മാർട്ടിന്‍റെ വീഡിയോയ്ക്ക് എതിരെ സർക്കാർ നടപടി എടുക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്‍റെ അപ്പീൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുളളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടർ തയറാക്കി. വിചാരണക്കോടതിയുത്തരവ് പരിഗണിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്.
കേസിലെ 6 പ്രതികൾക്കും 20 വർഷം കഠിന തടവാണ് കോടതി വിധിച്ചത്. എന്നാൽ വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതി. അത് പ്രകാരം ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ എന്നിവർ 13 വർഷവും മൂന്നാംപ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ് എന്നിവർക്ക് 16 വർഷവും 6 മാസവും അഞ്ചും ആറും പ്രതികളായ സലീം, പ്രദീപ് എന്നിവർക്ക് 18 വർഷവും ആണ് ഇനി ശിക്ഷ അനുഭവിക്കേണ്ടി വരിക. പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. എല്ലാ പ്രതികളും നാല്‍പത് വയസിൽ താഴെ പ്രായമുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു. ജീവപര്യന്തം ആർക്കുമില്ല. ആറ് പ്രതികളെയും വിയ്യൂർ ജയിലിലേക്ക് മാറ്റും. 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി നിർദേശം നൽകി. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ആദ്യം പുറത്തിറങ്ങുക കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ആയിരിക്കും. വിധി കേട്ട് രണ്ടാം പ്രതി മാര്‍ട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. ജഡ്ജി വാദം കേള്‍ക്കുന്ന സമയത്തും പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാര്‍ട്ടിൻ കോടതിയിൽ സംസാരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam