'അവള്‍ക്കൊപ്പമാണ് സത്യവും നീതിയും'; നടിയെ ആക്രമിച്ച കേസിൽ പോരാട്ടം തുടരുകയാണെന്ന് പ്രഖ്യാപിച്ച് മാനവീയം വീഥിയിൽ അവള്‍ക്കൊപ്പം കൂട്ടായ്മ

Published : Feb 17, 2026, 11:21 PM IST
avalkoppam protest

Synopsis

നടിയെ ആക്രമിച്ച കേസിൽ പ്രതിഷേധം ശക്തമാക്കി അവള്‍ക്കൊപ്പം കൂട്ടായ്മ. കാമ്പയിൻ സജീവമാക്കികൊണ്ട് തിരുവനന്തപുരം മാനവീയം വീഥിയിൽ തിരിതെളിയിച്ചും മെഴുകുതിരി കത്തിച്ചും ബാനറുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു.

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഇന്ന് ഒൻപത് വർഷം പൂര്‍ത്തിയായിരിക്കെ പ്രത്യക്ഷ പ്രതിഷേധം ശക്തമാക്കി അവള്‍ക്കൊപ്പം കൂട്ടായ്മ. അവള്‍ക്കൊപ്പം കാമ്പയിൻ സജീവമാക്കികൊണ്ട് തിരുവനന്തപുരം മാനവീയം വീഥിയിൽ തിരിതെളിയിച്ചും മെഴുകുതിരി കത്തിച്ചും ബാനറുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു.  സിനിമാ മേഖലയിലുള്ളവരും മറ്റു മേഖലയിലുള്ളവരുമടക്കം പരിപാടിയിൽ പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരിപാടിയിൽ പങ്കെടുത്തു. ഡബ്ല്യുസിസി പ്രവര്‍ത്തകരടക്കം പങ്കെടുത്തു. അവൾക്കൊപ്പം ആണ് സത്യവും നീതിയുമുള്ളതെന്നും പാതി ആകാശവും പാതി ഭൂമിയും സ്ത്രീയുടേതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ത്രീക്ക് അന്തസ്സായി ജീവിക്കാൻ ഇന്നത്തെ കേരളത്തിൽ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ഇതിനെതിരെ അമർഷമുയർന്നുണ്ട്.

അതാണ് കേരളമൊട്ടാകെ അവൾക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. 99.9 ശതമാനം ജനവും അവൾക്കൊപ്പമാണെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുകയാണെന്നും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. അവളെ തളർത്താതിരിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. അവൾക്കൊപ്പമാണ് എന്ന് ടി.പദ്മനാഭൻ ഫോണിൽ വിളിച്ച് പറഞ്ഞു. സിനിമയ്ക്കുളിൽ നിന്ന് സ്വകാര്യമായി അവൾക്കൊപ്പം എന്ന് പലരും പറയുന്നു. പ്രത്യക്ഷത്തിൽ വരാൻ പരിമിതികൾ ഉണ്ടെന്ന് പറയുന്നു. അവളുടെ സിനിമ വിജയിപ്പിക്കുന്നത് നമ്മൾ എല്ലാവരും കൂടിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പി.ടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാരോപണത്തിലും ഭാഗ്യലക്ഷ്മി വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിക്കെതിരായ അതിജീവിതയുടെ ആരോപണം ഗൗരവമുള്ളതാണെന്നും

എത്രയും വേഗം ശക്തമായ നടപടി എടുക്കും എന്നാണ് കരുതുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സ്ത്രീ പുറത്തേക്ക് വന്ന പറയുമ്പോൾ എന്തുകൊണ്ട് അത് കാര്യമാക്കുന്നില്ല. ബാധിക്കപ്പെട്ട എല്ലാവർക്കൊപ്പം ആണ്. സർക്കാരിന്‍റെ ഭാഗത്തുനിന്ന് വേഗം തീരുമാനം ഉണ്ടാവണം. എല്ലാ കേസുകളിലും ഒറ്റപ്പെട്ടു പോകുന്നത് സ്ത്രീയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കൊച്ചിയിലും കോഴിക്കോടും കൂട്ടായ്മ പ്രത്യക്ഷ പ്രതിഷേധം ഉയര്‍ത്തി. കേസിൽ വിട്ട് വീഴ്ചയ്ക്കില്ലെന്ന് ഉറപ്പിച്ചാണ് ഡബ്ല്യുസിസിയടക്കമുള്ള കൂട്ടായ്മകളുടെ പ്രത്യക്ഷ പ്രതിഷേധം.

 

നീതി നിഷേധിക്കപ്പെട്ടുവെന്ന നിലപാടിൽ അതിജീവിത

 

2017ഫെബ്രുവരി 17മുതൽ തുടങ്ങുന്ന നാടകീയ സംഭവങ്ങൾക്ക് ഇത് വരെയും അവസാനമായിട്ടില്ല. ഏറെ വിവാദമായ കേസിൽ എട്ടര വർഷത്തിനുശേഷം പുറത്ത് വന്ന വിധി പ്രസ്താവത്തിലും ചർച്ചകൾ അവസാനിക്കുന്നില്ല. ക്വട്ടേഷൻ ബലാത്സംഗമെന്ന പൊലീസ് കേസിൽ ക്രിമിനൽ ഗൂഡാലോചന വാദം കോടതി തള്ളിയതോടെ നീതി നിഷേധിക്കപ്പെട്ടെന്ന നിലപാടിലാണ് അതിജീവിത. മാത്രമല്ല കേസ് കോടതിയുടെ പരിഗണനയിലിരിക്കെ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ചോർന്നുവെന്ന് വിവരം സമൂഹമനസാക്ഷിയെ തന്നെ അമ്പരിപ്പിച്ചതാണ്. ഇതിൽ ജില്ല ജഡ്ജി വസ്തുത അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തലിൽ വ്യക്തമായ വിവരങ്ങൾ പുറത്തേക്ക് വന്നിട്ടില്ല. കോടതി ജീവനക്കാരന് വീഴ്ച സംഭവിച്ചെന്ന വിവരം ഒരു വേള കേട്ടെങ്കിലും നടപടി ഒന്നുമില്ല. ജുഡീഷ്യറിയുടെ സുതാര്യതയ്ക്കെതിരെ വരെ ചോദ്യങ്ങൾ ഉയർന്ന ഈ അസാധാരണ സംഭവത്തിൽ ഒളിച്ചു കളികൾ നടക്കുന്നുവെന്നാണ് അതിജീവിതയുടെ ആരോപണം.

വിധിക്കെതിരെ അപ്പീൽ നൽകാൻ സര്‍ക്കാര്‍

അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ ശിക്ഷവിധിക്കെതിരെ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ ഈ ആഴ്ച അപ്പീൽ നൽകാനൊരുങ്ങുകയാണ്. തെളിവില്ലെന്ന് കണ്ടെത്തി എട്ടാം പ്രതി ദീലിപിനെ വെറുതെ വിട്ടതിനെതിരെയും, മുഖ്യപ്രതി സുനിൽകുമാറടക്കം ആറ് പ്രതികൾക്ക് വിധിച്ച 20വർഷം തടവ് കുറഞ്ഞ ശിക്ഷയെന്നും ആരോപിച്ചാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുക. അതേസമയം, വിധിക്കെതിരെ മുഖ്യപ്രതിയടക്കം നാല് പേർ ശിക്ഷ വിധിച്ച് ആഴ്ചകൾക്കകം തന്നെ ഹൈക്കോടതിയെ സമീപിച്ച് കഴിഞ്ഞു. കോടതി കസ്റ്റഡിയിലിരിക്കെ ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ചോർന്നതിൽ ജില്ല കോടതി അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ടിന്മേൽ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. 

വിചാരണ കോടതിയുടെ വിധി പകർപ്പെന്ന രീതിയിൽ വിവരങ്ങൾ മുൻകൂട്ടി പ്രചരിപ്പിച്ച സംഭവത്തിലും കൊച്ചി പൊലീസിൽ നിന്ന് തുടർനടപടിയില്ല. ദിലീപിനെ വെറുതെ വിടുമെന്നും പ്രതികൾക്ക് കുറഞ്ഞ ശിക്ഷയെന്നും സൂചിപ്പിച്ചാണ് അജ്ഞാതൻ ഹൈക്കോടതി ജഡ്ജിമാരടക്കം 32 പേർക്ക് കത്തുകളയച്ചത്.ഇയാൾ സെൻട്രൽ സ്റ്റേഷൻ പരിധിയിലെ പോസ്റ്റ് ഓഫീസിൽ നിന്ന് കത്തുകൾ പോസ്റ്റു ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ലഭ്യമായിരുന്നു.ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ തന്നെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയതും.ജുഡീഷ്യറിയുടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അതേസമയം, കേസിലെ വിചാരണയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികൾ വിചാരണ കോടതിയിൽ ഇപ്പോഴും തുടരുകയാണ്. തന്നെ കേസിൽ കുടുക്കിയെന്ന ഗൂഡാലോചന ആരോപിച്ച് മഞ്ജു വാര്യർക്കെതിരെ പരസ്യ വെല്ലുവിളി നടത്തിയെങ്കിലും ദിലീപും നിലവിൽ കാര്യമായ നടപടികൾക്ക് മുതിർന്നിട്ടില്ല.പ്രതീക്ഷിച്ച വേഗത്തിൽ സിനിമ സംഘടനകളിലേക്ക് ദിലീപ് തിരിച്ചെത്തിയിട്ടുമില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി
'വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് എനിക്കും ലഭിച്ചു'; കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ